Fincat

ഗാസയില്‍ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേല്‍; ഹമാസ് കമാന്‍ഡറെ വധിച്ച് ഐഡിഎഫ്

ഗാസ: വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഹമാസിന്റെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അല്‍ഖിര്‍ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അറിയിക്കുന്നത്.

ഇതിനിടെ, ഗാസയില്‍ ഇന്നലെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. 146 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു. 147 കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 440 ആയി. ഗാസ നഗരത്തില്‍ നിന്ന് ഏകദേശം 480,000 പേര്‍ പലായനം ചെയ്തതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

അതേസമയം ഗാസയിലെ തങ്ങളുടെ 90 ശതമാനം സൗകര്യങ്ങളും നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎന്‍ആര്‍ഡബ്ല്യു പറഞ്ഞു. 300ലധികം ഇസ്രയേല്‍ ആക്രമണത്തിന് ശേഷമാണ് സൗകര്യങ്ങള്‍ക്ക് ഇത്രയധികം കേടുപാടുകള്‍ സംഭവിച്ചതെന്ന് യുഎന്‍ആര്‍ഡബ്ല്യു വക്താവ് അദ്‌നാന്‍ അബു ഹസ്‌ന പറഞ്ഞു.

ഗാസയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതിക്കായി 6,000 ട്രക്കുകളാണ് കാത്ത് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ഒരു കുടുംബത്തിനും ഇനിയൊരു പലായനം താങ്ങാന്‍ സാധിക്കില്ലെന്നും ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സ്ഥലം പോലും ഗാസയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.