Fincat

മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ 10 വർഷത്തിന് ശേഷം പുറത്തിറങ്ങിയ സിനിമ ‘ഹൃദയപൂർവം’ ഇനി ജിയോ ഹോട്ട്‌സ്റ്റാറിൽ കാണാം. ഓണം റിലീസായി തിയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം സെപ്റ്റംബർ 26 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യും. തിയറ്റർ റിലീസിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് സിനിമ ഓൺലൈൻ സ്ട്രീമിങ്ങിനായി എത്തുന്നത്.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. മാളവിക മോഹനാണ് നായികയായി എത്തിയത്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഈ ചിത്രം കേരളത്തിലും പുണെയിലുമായിട്ടാണ് ചിത്രീകരിച്ചത്.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. അഖിൽ സത്യന്റേതാണ് കഥ, അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി. ലാലു അലക്സ്, സിദ്ദിഖ്, ജനാർദ്ദനൻ, സംഗീത് പ്രതാപ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.