ചർമ്മപ്രശ്നമുള്ള യുവാക്കൾ കൂടിക്കൂടി വരുന്നു, മുന്നറിയിപ്പുമായി ഡെർമ്മറ്റോളജിസ്റ്റ്
സോഷ്യൽ മീഡിയയിൽ ഇഷ്ടം പോലെ ബ്യൂട്ടി ടിപ്സുകൾ ഇന്ന് കാണാറുണ്ട്. അതുപോലെ തന്നെ ഒരുപാട് സ്കിൻ കെയർ പ്രൊഡക്ടുകളും, ബ്യൂട്ടി പ്രൊഡക്ടുകളും പല ഇൻഫ്ലുവൻസർമാരും പരിചയപ്പെടുത്താറുമുണ്ട്. സ്വന്തം ചർമ്മത്തെ കുറിച്ച് ധാരണയില്ലാതെ ഇതെല്ലാം ഉപയോഗിച്ച് നോക്കുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരും ഉണ്ട്. ഇതൊരു പുതിയ സംസ്കാരവും ശീലവുമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, നമ്മുടെ ചർമ്മം പലപ്പോഴും സെൻസിറ്റീവായിരിക്കും. അതിനാൽ, നോക്കിയും കണ്ടും വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ. അത്തരത്തിലൊരു മുന്നറിയിപ്പ് നൽകുകയാണ് ഒരു ഡെർമറ്റോളജിസ്റ്റ്.
‘ബിയോണ്ട് സോപ്പ്’ (Beyond Soap: The Real Truth About What You Are Doing to Your Skin and How to Fix It for a Beautiful, Healthy Glow) എന്ന പുസ്തകത്തിന്റെ രചയിതാവും ‘സ്കിൻ ടു ഇറ്റ്’ പോഡ്‌കാസ്റ്റിന്റെ കോ-ഹോസ്റ്റുമായ ഡോ. സാൻഡി സ്കോട്ട്‌നിക്കിയാണ് ഇതേക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം പല പ്രൊഡക്ടുകളുടേയും ഉപയോഗം ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും അതുമായി സമീപിക്കുന്ന യുവാക്കളുടെ എണ്ണം വർധിച്ച് വരികയാണ് എന്നുമാണ് ഡോ. സാൻഡി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞത്.
ജെൻ സി ആയിട്ടുള്ളവരിലാണ് ഈ പ്രശ്നം ഏറ്റവുമധികം കാണുന്നത് എന്നും അവരാണ് ഈ പ്രൊഡക്ടുകളെല്ലാം പരീക്ഷിച്ച് നോക്കുന്നത് എന്നും സാൻഡി പറയുന്നു. കൗമാരത്തിന്റെ അവസാനത്തിനും 30 -ന്റെ തുടക്കം വരെയുമുള്ള സ്ത്രീകൾക്ക് മുഖത്തെ ചർമ്മത്തിൽ ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവയൊക്കെ കണ്ടുവരുന്നു. പെട്ടെന്ന് ചർമ്മത്തിന് മാറ്റമുണ്ടായി എന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഇതിന്റെ യഥാർത്ഥ കാരണം ഓൺലൈനിൽ കാണുന്ന ട്രെൻഡിംഗായിട്ടുള്ള ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗമാണ് എന്നും ഡോ. സാൻഡി പറയുന്നു.
ഇവർക്ക് ചർമ്മസംരക്ഷണത്തെക്കുറിച്ച് നല്ല അറിവും ജിജ്ഞാസയും ഒക്കെയുണ്ട്, പക്ഷേ ഇൻഫ്ലുവൻസർ മാർക്കറ്റിംഗും സമപ്രായക്കാരുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദവും ഒക്കെ കൂടി പലപ്പോഴും അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും ഡോ. സാൻഡി അഭിപ്രായപ്പെട്ടു. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഇത്തരം പ്രൊഡക്ടുകൾ ഒരുപാട് ഉപയോഗിക്കാറുണ്ട്. അവരിലും പ്രശ്നമുണ്ട്.
പലരും പലപ്പോഴും ഫോമിംഗ് ക്ലെൻസർ, ഗ്ലൈക്കോളിക് ആസിഡ് ടോണർ, വിറ്റാമിൻ സി സെറം, നിയാസിനാമൈഡ്, റെറ്റിനോൾ എന്നിവയെല്ലാം ഉപയോഗിക്കുന്നു. എന്നാൽ, ഇത്രയധികം പ്രൊഡക്ടുകളൊന്നും ഉപയോഗിക്കേണ്ടതില്ല. മറിച്ച്, മൃദുവായ ഒരു ക്ലെൻസർ, മോയ്‌സ്ചറൈസർ, സൺസ്‌ക്രീൻ എന്നിവ മാത്രം മതിയെന്നും അതാണ് ചർമ്മം തിരികെ നല്ല അവസ്ഥയിലേക്ക് പോകാൻ ഉപകരിക്കുക എന്നും ഡോ. സാൻഡി പറഞ്ഞു.