Fincat

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ നാഴികക്കല്ല്; 5KM തുരങ്കം തുറന്ന് മന്ത്രി, ആദ്യഘട്ടം 2027ല്‍ പൂര്‍ത്തിയാകും


മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന താനെയിലെ അഞ്ച് കിലോമീറ്റർ നീളമുള്ള തുരങ്ക നിർമാണം പൂർത്തിയായി.തുരങ്കത്തിന്റെ ഒരു കവാടത്തില്‍ നിന്നുകൊണ്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബട്ടണ്‍ അമർത്തി നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് അവസാന പാളി തകർക്കുകയും തുരങ്ക നിർമാണം പൂർത്തിയാക്കുകയും ചെയ്തത്. മഹാരാഷ്ട്രയിലെ ഘൻസോലിക്കും ശില്‍ഫാത്തയ്ക്കും ഇടയിലാണ് ഈ അഞ്ച് കിലോമീറ്റർ തുരങ്കം. മന്ത്രി
റെയില്‍വേ മന്ത്രി ഇതിനെ ഒരു ‘നാഴികക്കല്ലായ നേട്ടം’ എന്നാണ് വിശേഷിപ്പിച്ചത്. സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ നീളമുള്ള ആദ്യഘട്ടം 2027 ഡിസംബറോടെ പൂർത്തിയാകുമെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
പദ്ധതിയുടെ പുരോഗതിയെ അഭിനന്ദിച്ച വൈഷ്ണവ്, ഈ തുരങ്കം മൊത്തം 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ ഭാഗമാണെന്നും അതില്‍ ഏഴ് കിലോമീറ്റർ കടലിനടിയിലൂടെയാണെന്നും അറിയിച്ചു. ‘ഡ്രില്‍ ആൻഡ് ബ്ലാസ്റ്റ്’ രീതി ഉപയോഗിച്ചാണ് ഖനനം നടത്തിയതെന്നും ഇനിമുതല്‍ ടണല്‍ ബോറിങ് മെഷീൻ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയുടെ സാമ്ബത്തിക ഹബ്ബായ മുംബൈയേയും രാജ്യത്തെ പ്രധാനനഗരങ്ങളിലൊന്നായ അഹമ്മദാബാദിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാതയുടെ നീളം 508.18 കിലോമീറ്ററാണ്. ഗുജറാത്തില്‍ ഒൻപത് സ്റ്റേഷനുകളും മഹാരാഷ്ട്രയില്‍ മൂന്ന് സ്റ്റേഷനുകളും ഉള്‍പ്പെടെ 12 സ്റ്റേഷനുകളാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലുള്ളത്.
മുംബൈയിലെ ഒരു ഭൂഗർഭ സ്റ്റേഷനും താനെ, വിരാർ, ബോയ്സർ, വാപി, ബിലിമോറ, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നീ സ്റ്റേഷനുകള്‍ ഉയർത്തിയുമാണ് നിർമിക്കുന്നത്. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. ഇതില്‍ 10,000 കോടി രൂപ കേന്ദ്രസർക്കാരും ഗുജറാത്തും മഹാരാഷ്ട്രയും 5000 കോടി രൂപ വീതവും വഹിക്കും. 2028-ല്‍ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.