ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ജി.സി.സി
ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാഷ്ട്രങ്ങൾ. വ്യാഴാഴ്ച ദോഹയിൽ ചേർന്ന ജി.സി.സി സംയുക്ത പ്രതിരോധ സമിതിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിക്കുശേഷം ഖത്തർ അമീറിന്റെ അധ്യക്ഷതയിൽ ദോഹയിൽ നടന്ന ജി.സി.സി നേതാക്കളുടെ യോഗത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത പ്രതിരോധ സമിതിയുടെ യോഗം ചേർന്നത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തെ സംയുക്ത പ്രതിരോധ കൗൺസിൽ ശക്തമായി അപലപിച്ചു.
യോഗത്തിൽ ജിസിസി രാഷ്ട്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമായും അഞ്ചു തീരുമാനങ്ങളാണ് പ്രതിരോധ കൗൺസിൽ കൈകൊണ്ടത്. ജി.സി.സിയുടെ ഏകീകൃത സൈനിക കമാൻഡ് സംവിധാനങ്ങളിലൂടെ ഇന്റലിജൻസ് വിവര കൈമാറ്റം വർദ്ധിപ്പിക്കാനും അതതു രാഷ്ട്രങ്ങളുടെ വ്യോമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറി വ്യോമപ്രവർത്തന കേന്ദ്രങ്ങളെ ഏകീകരിക്കാനും യോഗത്തിൽ നിർദേശം നൽകി. ഏകീകൃത സൈനിക കമാൻഡും ഓപ്പറേഷൻസ് ആൻഡ് ട്രെയിനിംഗ് കമ്മിറ്റിയും തമ്മിലുള്ള ഏകോപനത്തിലൂടെ സംയുക്ത പ്രതിരോധ പദ്ധതികൾ അപ്‌ഡേറ്റ് ചെയ്യാനും, സംയുക്ത വ്യോമ, മിസൈൽ പ്രതിരോധ പരിശീലനം നൽകിയുള്ള ജി.സി.സി സംയുക്ത സൈനികാഭ്യാസത്തിനും യോഗത്തിൽ ധാരണയായി. ഏകീകൃത സൈനിക കമാൻഡുമായി സഹകരിച്ച് പ്രതിരോധ പദ്ധതികൾ നവീകരിക്കാനും ബാലിസ്റ്റിക് മിസൈലുകൾക്കെതിരായ മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിനായുള്ള ജി.സി.സി സംയുക്ത ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താനും തീരുമാനമായി.
ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, ആറ് അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും മുതിർന്ന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഖത്തറിനെതിരായ ആക്രമണം എല്ലാ ജി.സി.സി രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി. ഈ ആക്രമണത്തെ നേരിടാനും മേഖലയിലെ സുരക്ഷയും ഐക്യവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാനും ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികളിലും കൗൺസിലിന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. ഗൾഫ് പ്രതിരോധ സംയോജനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും എല്ലാ അപകടങ്ങളേയും വെല്ലുവിളികളേയും നേരിടുന്നതിനും പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ബന്ധിപ്പിക്കുന്നതിനും എല്ലാ ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനും പ്രാദേശിക സ്ഥിരതയെ അപകടപ്പെടുത്തുന്ന ഏതെങ്കിലും ഭീഷണികളെയോ ആക്രമണങ്ങളെയോ നേരിടുന്നതിനും എല്ലാ സൈനിക, ഇന്റലിജൻസ് തലങ്ങളിലും ഏകോപനവും കൂടിയാലോചനയും തുടരാൻ ജി.സി.സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ സമ്മതിച്ചതായി അൽബുദൈവി വ്യക്തമാക്കി.