കിയയുടെ വാഹനങ്ങള്‍ ഇനി പോലീസ് ക്യാന്റീനുകളിലൂടെ ലഭിക്കും; അഭിമാന നീക്കമെന്ന് കിയ മോട്ടോഴ്‌സ്
സേനയിലെ ഉദ്യോഗസ്ഥർക്കും വിരമിച്ചവർക്കും കിയയുടെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനായി ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡറും തമ്മില്‍ സഹകരണം പ്രഖ്യാപിച്ചു.പോലീസ്, പാരാമിലിട്ടറി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് പോലീസ് ക്യാന്റീനില്‍ നിന്ന് കിയയുടെ വാഹനങ്ങള്‍ പ്രത്യേക നിരക്കില്‍ സ്വന്തമാക്കാൻ ഈ സഹകരണത്തിലൂടെ വഴിയൊരുങ്ങും.
കിയ മോട്ടോഴ്സിന്റെ വാഹന ശ്രേണിയിലെ എല്ലാ ഐസിഇ എൻജിൻ മോഡലുകളും കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡർ ക്യാന്റീനുകളില്‍ ലഭിക്കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. കിയ സോണറ്റ്, സെല്‍റ്റോസ്, കാരൻസ് തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പം അടുത്തിടെ കിയ മോട്ടോഴ്സ് വിപണിയില്‍ എത്തിച്ച കിയ സിറോസ്, കാരൻസ് ക്ലാവിസ് തുടങ്ങിയ വാഹനങ്ങളും പോലീസ് ക്യാന്റീനിലൂടെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകള്‍.
നിലവില്‍ സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കും കുറഞ്ഞ നിരക്കില്‍ കിയയുടെ വാഹനം സ്വന്തമാക്കാൻ സാധിക്കും. രാജ്യത്തുടനീളം കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡറിന്റെ 119 ക്യാന്റീനുകളും 1871 ക്യാന്റീൻ ഔട്ട്ലെറ്റുകളും ഉണ്ടെന്നാണ് വിവരം. 3.5 ദശലക്ഷം പോലീസും പാരാമിലിട്ടറി ഉദ്യോഗസ്ഥരുമാണ് സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. പോലീസ് ക്യാന്റീനുകളിലൂടെ വില്‍ക്കുന്ന വാഹനങ്ങളുടെ സേവനം ഉറപ്പാക്കുന്നതിനായി 362 ഡീലർഷിപ്പുകളെയും ഈ പദ്ധതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡറുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും കിയയുടെ ഐസിഇ വാഹനനിര പോലീസ്, അർധ സൈനിക സേനയ്ക്ക് എത്തിക്കാൻ സാധിക്കുന്നതിലും ഏറെ അഭിമാനമുണ്ടെന്നാണ് കിയ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സേവനം അനുഷ്ഠിക്കുന്ന വ്യക്തികള്‍ക്ക് ഏറ്റവും സുരക്ഷിതവും നൂതനവുമായ സാങ്കേതികവിദ്യയിലുള്ള വാഹനങ്ങള്‍ നല്‍കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയായി കണക്കാക്കുന്നുവെന്നും കിയ മോട്ടോഴ്സ് അറിയിച്ചു.