Fincat

ഇസ്രായേലിന് കനത്ത തിരിച്ചടി, പലസ്തീനെ രാജ്യമായി അം​ഗീകരിക്കാൻ 10 രാജ്യങ്ങൾ

ലണ്ടൻ: ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 10 രാജ്യങ്ങൾ പലസ്തീനിന്റെ രാഷ്ട്ര പദവി അം​ഗീകരിക്കും. ബ്രിട്ടൻ, ബെൽജിയം, കാനഡ, ഫ്രാൻസ്, പോർച്ചു​ഗൽ, അൻഡോറ, മാൾട്ട, ഓസ്ട്രേലിയ, ലക്സംബർ​ഗ്, സാൻമറീനോ തുടങ്ങി 10 പ്രമുഖ രാജ്യങ്ങളാണ് പലസ്തീനെ അം​ഗീകരിക്കുക. നാളെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തും. ​ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് പ്രമുഖ രാജ്യങ്ങളുടെ നിർണായക നീക്കം. പലസ്തീനെ രാജ്യമായി അംഗീകരിക്കുന്ന ബ്രിട്ടന്‍റെ നിർണായക പ്രഖ്യാപനം ഇന്നുണ്ടാകും. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിർപ്പ് തള്ളിയാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപനം നടത്തുന്നത്.

യുകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, ഇന്ന് ബ്രിട്ടൻ ഒരു പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയടക്കം ഞെട്ടിച്ചുകൊണ്ടാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള ബ്രിട്ടന്‍റെ പ്രഖ്യാപനം. ട്രംപിന്‍റെ ബ്രിട്ടൻ സന്ദർശനത്തിനിടയിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇത് അമേരിക്കക്ക് കനത്ത തിരിച്ചടിയാണ്. ബ്രിട്ടന്‍റെ തീരുമാനത്തോട് താൻ യോജിക്കുന്നില്ലെന്ന് വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു.

ഹമാസിനെ ഒറ്റപ്പെടുത്തണമെങ്കിൽ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാട് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രൊണും വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ ഒറ്റപ്പെടുത്താൻ സഹായിക്കുമെന്ന് മാക്രോൺ പറഞ്ഞു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ജപ്പാനും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.