Fincat

‘സമാധാന നൊബേൽ നൽകണം’; ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് ട്രംപ്

ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുകയാണെങ്കിൽ വ്യപാരം തുടരില്ലെന്ന് പറഞ്ഞു. പിന്നാലെയാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ലോകവേദിയിൽ മറ്റുള്ളവർ ബഹുമാനിക്കുന്ന തലത്തിലുള്ള പ്രവർത്തനങ്ങളാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.

റഷ്യയും യുക്രൈനും തമ്മിലെ യുദ്ധവും അവസാനിപ്പിക്കുകയാണെങ്കിൽ തനിക്ക്
നോബേൽ നൽകുമെന്ന് അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ കോണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോണ്ടേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യയും പാകിസ്ഥാനും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നാണ് രാജ്യങ്ങളുടെ നിലപാട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഒരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ വിഷയത്തിൽ ഒരു മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.