Fincat

ആറുമാസം വരെ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാം

കറിവേപ്പില ഇടാത്തെ ഒരു കറിനെ കുറിച്ച് ചിന്തിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. കേരളീയ ഭക്ഷണത്തിൻ്റെ തനതായ രുചി കിട്ടാന്‍ കറിവേപ്പില നിര്‍ബന്ധമാണെന്നാണ് നമ്മുടെ ധാരണ. അതുകൊണ്ടു തന്നെ എല്ലാവരുടെ വീടുകളില്‍ കറിവേപ്പിലയുടെ ഒരു തൈ എങ്കിലും ഉണ്ടാകും. പക്ഷെ നഗരങ്ങളിലും ഫ്‌ളാറ്റുകളിലുമൊക്കെ ജീവിക്കുന്നവര്‍ക്ക് കറിവേപ്പില ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലുള്ളവര്‍ പച്ചക്കറി കടകളില്‍ നിന്ന് കറിവേപ്പില വാങ്ങിച്ച് സൂക്ഷിച്ചു വയ്ക്കാറാണ് പതിവ്. ഇത്തരത്തില്‍ വാങ്ങിച്ച് ഉപയോഗിക്കുന്നവര്‍ക്ക് കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു ഹാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. @twinsbymyside എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പവങ്കുവച്ചിരിക്കുന്നത്. 6 മാസം വരെ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്.
തണ്ടില്‍ നിന്ന് കറിവേപ്പിലകള്‍ വേര്‍പ്പെടുത്തുക. അതിനുശേഷം ഐസ്‌ക്യൂബുകളില്‍ ഈ ഇലകള്‍ നിറച്ചു വയ്ക്കുക. ശേഷം ഐസ്‌ക്യൂബുകളില്‍ വെള്ളം നിറച്ച് ഫ്രീസറില്‍ വെച്ചതിനു ശേഷം ആ ഐസ്‌ക്യൂബുകള്‍ സിപ്പ്‌ലോക്ക് കവറിലിട്ട് സൂക്ഷിക്കുക.

കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാനുള്ള മറ്റുമാര്‍ഗങ്ങളിതാ
വെള്ളംനിറച്ച് കുപ്പികളില്‍ സൂക്ഷിക്കാം

കറിവേപ്പില തണ്ടോടു കൂടി മുറിച്ചെടുക്കുക. അല്ലാതെ മരത്തില്‍ നിന്ന് പറിച്ചെടുത്താല്‍ കേടായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് ശേഷം കുപ്പിയില്‍ വെള്ളം നിറച്ച് അതില്‍ തണ്ടുകള്‍ ഇറക്കിവച്ച് സൂക്ഷിക്കാവുന്നതാണ്.

കോട്ടണ്‍തുണിക്കുള്ളില്‍ സൂക്ഷിക്കാം

കറിവേപ്പില തണ്ടോടു കൂടി മുറിച്ചെടുത്ത് പാത്രത്തിനുള്ളില്‍ വെള്ളവും വിനാഗിരിയും മിക്‌സ് ചെയ്ത് കഴുകി ഉണക്കിയതിന് ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് വയ്ക്കുക. 6 മാസം വരെ കേടുകൂടാതെ ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വച്ച് കറിവേപ്പില സൂക്ഷിക്കാന്‍ സാധിക്കും. കോട്ടണ്‍ തുണിക്ക് പകരം പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ ടിഷ്യു വിരിച്ച് അതിനു മുകളിലായി ഇവ സൂക്ഷിക്കാന്‍ സാധിക്കും.

സിപ്പ് ലോക്ക് കവറില്‍ സൂക്ഷിക്കാം

വെള്ളം- വിനാഗിരി മിശ്രിതത്തില്‍ കഴുകിയെടുത്ത് കറിവേപ്പില സിപ്പ് ലോക്ക് കഴറിലും സൂക്ഷിക്കാവുന്നതാണ്. കറിവേപ്പില കവറിലിട്ടതിനു ശേഷം കവറിലെ വായു പൂര്‍ണമായും കളഞ്ഞതിന് ശേഷം അടച്ച് ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്.