Fincat

ഓസീസിനെതിരേ വൈഭവിന്റെ വെടിക്കെട്ട്, തിളങ്ങി വേദാന്തും അഭിഗ്യാനും; യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് ജയം


ബ്രിസ്ബെയ്ൻ: യൂത്ത് ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ. ഏഴുവിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്പടയുടെ ജയം.ഓസ്ട്രേലിയ അണ്ടർ 19 ടീം ഉയർത്തിയ 226 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുന്ദു എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യൻ അണ്ടർ 19 ടീമിന് തുണയായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അണ്ടർ 19 ടീമിന് മികച്ച തുടക്കമാണ് വൈഭവ് സൂര്യവംശി സമ്മാനിച്ചത്. ഓസീസ് ബൗളർമാരെ തകർത്തടിച്ച വൈഭവ് ടീം സ്കോർ അതിവേഗം ഉയർത്തി. അഞ്ചോവറില്‍ തന്നെ ടീം അമ്ബതിലെത്തി. 22 പന്തില്‍നിന്ന് 38 റണ്‍സെടുത്താണ് വൈഭവ് സൂര്യവംശി പുറത്തായത്. ഏഴു ഫോറുകളും ഒരു സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. നായകൻ ആയുഷ് മാത്രെ(6), വിഹാൻ മല്‍ഹോത്ര(9) എന്നിവർ നിരാശപ്പെടുത്തി.
അതേസമയം, നാലാം വിക്കറ്റില്‍ വേദാന്ത് ത്രിവേദിയും അഭിഗ്യാൻ കുന്ദുവും ചേർന്ന് ഇന്ത്യയെ കരകയറ്റി. പിന്നാലെ ഇരുവരും ചേർന്ന് പടുത്തുയർത്തിയ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വേദാന്ത് 69 പന്തില്‍നിന്ന് 61 റണ്‍സും അഭിഗ്യാൻ 74 പന്തില്‍നിന്ന് 87 റണ്‍സുമെടുത്തു.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണെടുത്തത്. ജോണ്‍ ജെയിംസിന്റെ അർധസെഞ്ചുറി പ്രകടനമാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 68 പന്ത് നേരിട്ട താരം 77 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സ്റ്റീവൻ ഹോഗൻ(39), ടോം ഹോഗൻ(41) എന്നിവരും ഓസീസ് ഇന്നിങ്സിലേക്ക് സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ഹെനില്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു.