‘ഞാൻ മരിക്കുമ്ബോള്‍ അസം ജനത മുഴുവൻ എന്റെ ആ പാട്ട് പാടണം’; അന്ന് സുബീൻ ഗാര്‍ഗ് പറഞ്ഞു
ലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഗായകൻ സുബീൻ ഗാർഗിന്റെ അപകടമരണം. സിങ്കപ്പൂരില്‍ സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്റെ അപ്രതീക്ഷിത മരണം.ഞായറാഴ്ച സ്വദേശമായ ഗുവാഹാട്ടിയിലെത്തിച്ച മൃതദേഹം കാണാനും അനുശോചനമർപ്പിക്കാനും ജനലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. ആറുവർഷം മുൻപ് സുബീൻ തന്റെ അന്ത്യാഭിലാഷമെന്നോണം പറഞ്ഞ ചില വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
അസമീസ്, ബംഗാളി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ അവിസ്മരണീയമായ ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് സുബീൻ ഗാർഗ്. 2019-ല്‍ ഒരു പരിപാടിയില്‍ താൻ ആലപിച്ച ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന സുബീന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 2001-ല്‍ പുറത്തിറങ്ങിയ ദാഗ് എന്ന സംഗീത ആല്‍ബത്തിലെ മായാബിനി എന്ന ഗാനമാണ് സുബീന്റെ പ്രിയഗാനം. ഈ പാട്ടിനെ തന്റെ ഫാന്റസി എന്നാണ് അദ്ദേഹം അന്ന് വിശേഷിപ്പിച്ചത്.
“ഈ ഗാനം എൻ്റെ ഫാൻ്റസിയാണ്. ഞാൻ മരിക്കുമ്ബോള്‍, അസം മുഴുവൻ ഈ ഗാനം ആലപിക്കണം. അതിനാല്‍ ഈ ഗാനം നിങ്ങള്‍ക്കും എനിക്കും എല്ലാവർക്കും വളരെ പ്രധാനപ്പെട്ടതാണ്,” സുബീന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
സുബീൻ തന്നെയാണ് ഈ ഗാനം എഴുതിയത്. കല്‍പ്പന പടോവരിക്കൊപ്പമാണ് അദ്ദേഹം ഇത് ആലപിച്ചത്. പ്രണയവും വിരഹവുമാണ് ഗാനത്തിൻ്റെ പ്രമേയം. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തവും ഹിറ്റായതുമായ ഗാനങ്ങളില്‍ ഒന്നാണിത്. ജസ്റ്റ് അസം തിങ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുചില പേജുകളിലും അദ്ദേഹത്തിന്റെ ഈ വാക്കുകളടങ്ങിയ വീഡിയോ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ചവരെ സുബീന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലൂടെ അറിയിച്ചിട്ടുണ്ട്. “നമ്മുടെയെല്ലാം പ്രിയപ്പെട്ട സുബീനെ അവസാനമായി ഒരു നോക്ക് കാണാൻ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ആഗ്രഹിക്കുന്നു. ആ വികാരങ്ങള്‍ ഞങ്ങള്‍ പൂർണ്ണമായി മനസ്സിലാക്കുന്നു. അതുകൊണ്ട്, പൊതുജനങ്ങള്‍ക്ക് സുബീന് അന്തിമോപചാരം അർപ്പിക്കാനായി ഭോഗേശ്വർ ബറുവ സ്റ്റേഡിയം ഇന്ന് രാത്രി മുഴുവൻ തുറന്നിരിക്കും. നാളെയും, ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാനായി സുബീൻ്റെ ഭൗതികശരീരം സരുസജൈയില്‍ സൂക്ഷിക്കും.” മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി തന്റെ ഗാനങ്ങളിലൂടെ സുബീൻ ആരാധകഹൃദയം കവർന്നു. 40 ഭാഷകളിലും ഉപഭാഷകളിലുമായി 38,000-ത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്.