Fincat

പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 39 പന്തില്‍ 74 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ 28 പന്തില്‍ 47 റണ്‍സെടുത്തപ്പോള്‍ 19 പന്തില്‍ 30 റണ്‍സുമായി തിലക് വര്‍മയും 7പന്തില്‍ 7 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക്-ശുഭ്മാന്‍ ഗില്‍ സഖ്യം 9.5 ഓവറില്‍ 105 റൺസടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. അഞ്ചാമനായി ക്രീസിലിത്തിയ സഞ്ജു സാംസണ്‍ 17 പന്തില്‍ 13 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായത് നിരാശയായി. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 171-5, ഇന്ത്യ 18.5 ഓവറില്‍ 174-4.

172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യക്കായി ഷഹീന്‍ അഫ്രീദി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് അഭിഷേക് ശര്‍മ തുടങ്ങിയത്. പവര്‍ പ്ലേയില്‍ തുടക്കത്തില്‍ അഭിഷേകിനെ പോലും പിന്നിലാക്കി ഗില്ലാണ് ആക്രമണം നയിച്ചത്. എന്നാല്‍ പിന്നീട് ആക്രമണം ഏറ്റെടുത്ത അഭിഷേകും ഗില്ലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സിലെത്തിച്ചു. പത്താം ഓവറില്‍ 100 കടന്ന ഇന്ത്യ അനായാസ്യം ലക്ഷ്യത്തിലേക്ക് കുതിക്കവെ അര്‍ധസെഞ്ചുറിക്ക് അരികെ ഗില്ലിനെ(28 പന്തില്‍ 47) ബൗള്‍ഡാക്കിയ ഫഹീം അഷ്റഫ് ആദ്യപ്രഹമേല്‍പ്പിച്ചു. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പൂജ്യത്തിന് മടക്കി ഹാരിസ് റൗഫ് ഞെട്ടിച്ചു. 24 പന്തില്‍ അര്‍ധസെഞ്ചുറി തിച്ച അഭിഷേകും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയെ 123 റണ്‍സിലെത്തിച്ചു. അഭിഷേക് പുറത്തായതിന് പിന്നാലെ അഞ്ചാം നമ്പറില്‍ സഞ്ജു സാംസണാണ് ക്രീസിലെത്തയത്.

ഫിനിഷ് ചെയ്യാതെ സഞ്ജു
അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു ഫഹീം അഷ്റഫിനെതിരെ ബൗണ്ടറിയടിച്ച് നന്നായി തുടങ്ങിയെങ്കിലും ഹാരിസ് റൗഫിന്‍റെ അതിവേഗത്തിന് മുന്നില്‍ ബൗൾഡായി മടങ്ങി. സഞ്ജു പുറത്താവുമ്പോല്‍ ജയത്തിലേക്ക് ഇന്ത്യക്ക് 29 റണ്‍സ് കൂടി മതിയായിരുന്നു. തിലക് വര്‍മയും(19 പന്തില്‍ 30*), ഹാര്‍ദ്ദിക് പാണ്ഡ്യയും(7*) ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയവര കടത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തത്. 45 പന്തില്‍ 58 റണ്‍സെടുത്ത ഫര്‍ഹാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. സയ്യിം അയൂബ് 17 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ ഫഹീം അഷ്റഫ് 8 പന്തില്‍ 20 റണ്‍സുമായും ക്യപ്റ്റൻ സല്‍മാൻ ആഘ 13 പന്തില്‍ 17 റണ്‍സോടെയും പുറത്താകാതെ നിന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയ ഫഹീം അഷ്റഫാണ് പാകിസ്ഥാനെ 170 കടത്തിയത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവര്‍ എറിഞ്ഞ ബുമ്ര 45 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.