ISRO ഉപഗ്രഹത്തിന് തൊട്ടടുത്ത് അയല്‍രാജ്യത്തിന്റെ ഉപഗ്രഹം; ബോഡിഗാര്‍ഡ് സാറ്റലെെറ്റുകളെ നിയോഗിക്കാൻ ഇന്ത്യ
ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യൻ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാൻ ബോഡിഗാർഡ് സാറ്റലെെറ്റുകളെ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ.ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് അംഗരക്ഷക ഉപഗ്രഹങ്ങള്‍.
2024-ന്റെ മധ്യത്തില്‍ ഒരു ഇന്ത്യൻ ഉപഗ്രഹത്തിനടുത്തേക്ക് അയല്‍രാജ്യങ്ങളിലൊന്നിന്റെ ഉപഗ്രഹം അപകടകരമായ വിധത്തില്‍ അടുത്തെത്തിയ സംഭവം നടന്നിരുന്നു. ഇത്തരം സംഭവം ആവർത്തിക്കപ്പെടാതിരിക്കാനും ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ നിയോഗിക്കാൻ സർക്കാർ പദ്ധതിയിടുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഭൂമിക്ക് 500-600 കിലോമീറ്റർ ഉയരത്തില്‍ ഭ്രമണംചെയ്യുന്ന ഐഎസ്ആർഒയുടെ ഉപഗ്രഹത്തിന് അടുത്തേക്കാണ് കഴിഞ്ഞകൊല്ലം മധ്യത്തോടെ അയല്‍രാജ്യങ്ങളിലൊന്നിന്റെ ഉപഗ്രഹമെത്തിയത്. ഭൂപടനിർമാണം, ഭൂമിയിലെ വസ്തുക്കളുടെ നിരീക്ഷണം തുടങ്ങിയ സൈനിക ആവശ്യങ്ങള്‍ക്ക് ആവശ്യമായ ജോലികള്‍ ചെയ്യുന്ന ഇന്ത്യൻ ഉപഗ്രഹത്തിന്റെ ഒരു കിലോമീറ്റർ അടുത്തുവരെ അയല്‍രാജ്യത്തെ ബഹിരാകാശ പേടകം എത്തിയിരുന്നു.
ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചില്ലെങ്കിലും ഇത് മറ്റ് രാജ്യങ്ങളുടെ ശക്തിപ്രകടനമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാലാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചത്.