Fincat

GST;’എല്ലാ വീട്ടിലും ഉത്സവ പ്രതീതി,ചെലവ് കുറയും,ആഗ്രഹങ്ങള്‍ വേഗത്തില്‍ നിറവേറ്റാം’;തുറന്ന കത്തുമായി മോദി


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കാരങ്ങള്‍ എല്ലാ വീടുകളിലും പുഞ്ചിരി വിടർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജിഎസ്ടി നിരക്കുകള്‍ കുറച്ച നടപടിയിലൂടെ ഓരോ കുടുംബത്തിനും കൂടുതല്‍ സമ്ബാദിക്കാനും ബിസിനസുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനും ഉള്ള വഴിയാണ് തുറന്നിട്ടുള്ളതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി തുറന്ന കത്തെഴുതുകയും ചെയ്തു.
വിപണികള്‍ മുതല്‍ വീടുകള്‍ വരെ, ‘ജിഎസ്ടി ബചത് ഉത്സവ്’ ആഘോഷത്തിന്റെ ആരവം സൃഷ്ടിച്ചിരിക്കുകയാണ്. ഒപ്പം ചെലവുകള്‍ കുറഞ്ഞത് ഓരോ വീട്ടിലും തിളക്കമാർന്ന പുഞ്ചിരിയും ഉറപ്പാക്കുന്നുവെന്നും പത്രങ്ങളിലെ ഒന്നാം പേജ് വാർത്തകള്‍ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
നവരാത്രി ആശംസകള്‍ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന് തുറന്ന കത്തെഴുതിയിരിക്കുന്നത്.
‘പരിഷ്കാരങ്ങള്‍ എല്ലാ മേഖലകളിലും സമ്ബാദ്യം വർദ്ധിപ്പിക്കും. സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (MSME) പ്രോത്സാഹിപ്പിക്കാനും സാമ്ബത്തിക വളർച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും’ മോദി വ്യക്തമാക്കി.
പരിഷ്കാരങ്ങള്‍ക്ക് മുൻപും ശേഷവുമുള്ള നികുതികള്‍ സൂചിപ്പിക്കുന്ന ‘അന്നും ഇന്നും’ ബോർഡുകള്‍ വിവിധ കടയുടമകളും വ്യാപാരികളും സ്ഥാപിക്കുന്നത് കാണുമ്ബോള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച്‌ വർഷങ്ങള്‍ക്കുള്ളില്‍, 25 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് ഉയർന്ന് മധ്യവർഗ്ഗത്തിലേക്ക് എത്തുകയും, സാമ്ബത്തികമായി ശാക്തീകരിക്കപ്പെടുകയും ചെയ്തുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് നികുതി ഇല്ലാതാക്കുന്ന ആദായനികുതി ഇളവ് നല്‍കി മധ്യവർഗത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ആദായനികുതി ഇളവുകളും ജിഎസ്ടി പരിഷ്കാരങ്ങളും സംയോജിപ്പിച്ചാല്‍, ജനങ്ങള്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ സമ്ബാദ്യമാകും. നിങ്ങളുടെ ഗാർഹിക ചെലവുകള്‍ കുറയുകയും, ഒരു വീട് പണിയുക, വാഹനം വാങ്ങുക, വീട്ടുപകരണങ്ങള്‍ വാങ്ങുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ ഒരു കുടുംബ യാത്ര ആസൂത്രണം ചെയ്യുക തുടങ്ങിയ അഭിലാഷങ്ങള്‍ നിറവേറ്റുന്നത് എളുപ്പമാവുകയും ചെയ്യും’ പ്രധാനമന്ത്രി മോദി പറഞ്ഞു.
2047-ഓടെ വികസിത ഭാരതം എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അത് നേടുന്നതിന് സ്വാശ്രയത്വത്തിന്റെ പാത അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരിഷ്കാരങ്ങള്‍ നമ്മുടെ പ്രാദേശിക നിർമ്മാണ അടിത്തറയെ ശക്തിപ്പെടുത്തുകയും ആത്മനിർഭർ ഭാരതത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇന്ത്യയില്‍ നിർമ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാൻ കടയുടമകളോടും വ്യാപാരികളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.