Fincat

‘വിമാനം പറത്തി’ റൗഫ്, പിന്നാലെ ഭാര്യയുടെ പോസ്റ്റും വിവാദത്തില്‍; മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്തു


ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ യുദ്ധവിമാന ആംഗ്യം കാണിച്ച പാക് താരം ഹാരിസ് റൗഫ് വൻ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു.ബൗണ്ടറിക്കരികേ ഫീല്‍ഡ് ചെയ്ത റൗഫിനെ ‘കോലി വിളികള്‍കൊണ്ട് കാണികള്‍ പരിഹസിച്ചതിന് പിന്നാലെയാണ് താരം ഈ ആംഗ്യം കാണിച്ചത്. ഇപ്പോഴിതാ റൗഫിന്റെ ഭാര്യ പങ്കുവച്ച പോസ്റ്റും വിവാദത്തിലായിരിക്കുകയാണ്.
റൗഫിന്റെ ഭാര്യ മുസ്ന മസൂദ് മാലിക് റൗഫിന്റെ ചിത്രമടക്കം ഇൻസ്റ്റഗ്രാം സ്റ്റോറി വഴിയാണ് പോസ്റ്റ് ചെയ്തത്. 6-0 എന്ന ആംഗ്യം കാണിക്കുന്ന ചിത്രമാണ് അവർ പങ്കുവച്ചത്. ചിത്രത്തിനൊപ്പം ഒരു വാചകവും അവർ എഴുതിവെച്ചു. ‘മത്സരം തോറ്റു, യുദ്ധം ജയിച്ചു’. സ്റ്റോറി പങ്കുവെച്ച്‌ മിനിറ്റുകള്‍ക്കകം ഇത് ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
നേരത്തേ മത്സരത്തിനിടെ കൈകൊണ്ട് യുദ്ധവിമാനം പറക്കുന്നതും താഴെ വീഴുന്നതുമായ ആംഗ്യമാണ് ഹാരിസ് റൗഫ് കാണിച്ചത്. സൂപ്പർ ഫോർ മത്സരത്തിന്റെ തലേദിവസം പരിശീലനത്തിനിടെ റൗഫ് 6-0 എന്ന് വിളിച്ചുപറയുന്നത് കേട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിനിടെ ആറ് ഇന്ത്യൻ വിമാനങ്ങള്‍ വെടിവച്ചിട്ടതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. മത്സരത്തലേന്നും കോലി വിളികളോടുള്ള മറുപടിയായും റൗഫ് ഇക്കാര്യമാണ് പ്രതികരിച്ചതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, സൂപ്പർ ഫോർ മത്സരത്തിനിടെ റൗഫും ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയും തമ്മില്‍ വാക്കേറ്റമുണ്ടായി. അഞ്ചാം ഓവറിലാണ് സംഭവം. തുടർന്ന് ഓണ്‍-ഫീല്‍ഡ് അമ്ബയർ ഗാസി സോഹല്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.