Fincat

ഇറാനിയന്‍ അച്ചുതണ്ടിനെ ഇല്ലാതാക്കും, ഹമാസിനെ തകര്‍ക്കും: നെതന്യാഹു

ഇറാനിയന്‍ അച്ചുതണ്ടിനെ ഇല്ലാതാക്കുകയും ഹമാസിനെ തകര്‍ക്കുകയുമാണ് ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുമെന്ന സൂചനയും നെതന്യാഹു നല്‍കി. ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിലാണ് നമ്മളെന്നും ജൂണ്‍ മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ റൈസിങ് ലയണോടെ ഇസ്രയേല്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും നെതന്യാഹു പറഞ്ഞു. വരുന്ന വര്‍ഷം ഇസ്രയേല്‍ സുരക്ഷയ്ക്ക് നിര്‍ണായകമായ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ പ്രതിരോധ സേനയുടെ ജനറല്‍ സ്റ്റാഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നെതന്യാഹുവിന്റെ പരാമര്‍ശങ്ങള്‍.

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട് കൂടുതല്‍ രാഷ്ട്രങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാനുമേല്‍ തുടര്‍ന്നും ആക്രമണമുണ്ടാകുമെന്ന സൂചനയും നെതന്യാഹുവിന്റെ ഇന്നത്തെ വാക്കുകളിലുണ്ടായിരുന്നു. യുകെ, കാനഡ മുതലായ കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഈ അംഗീകാരങ്ങള്‍ തീവ്രവാദത്തിനുള്ള സമ്മാനമാണെന്നായിരുന്നു ഇതിനോടുള്ള നെതന്യാഹുവിന്റെ പ്രതികരണം.

സൈന്യത്തിന്റെ ധീരത, ഹീറോയിസം, ത്യാഗങ്ങള്‍, കഠിനാധ്വാനം എന്നിവയെയെല്ലാം താന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സ മാത്രമല്ല നമ്മുടെ ലക്ഷ്യമെന്ന് സൈന്യത്തെ ഓര്‍മിച്ച നെതന്യാഹു ഹമാസിനെ പൂര്‍ണമായി തകര്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു. ഹമാസിനെ ഇല്ലാതാക്കുന്ന് വഴി ഗസ്സ ഇസ്രയേലിന് മുന്നില്‍ ഒരു ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ ബന്ദികളേയും ഹമാസില്‍ നിന്ന് മോചിപ്പിക്കണമെന്നും നെതന്യാഹു ഇസ്രയേല്‍ സൈന്യത്തെ ഓര്‍മിപ്പിച്ചു.