‘അതിസാഹസികം’; വിമാനത്തിന്റെ പിൻചക്രക്കൂടില്‍ അഫ്ഗാൻ ബാലന്റെ രഹസ്യയാത്ര, എത്തിയത് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: അതിസാഹസികമായി വിമാനത്തിന്റെ പിൻചക്രക്കൂടില്‍ രഹസ്യമായി കയറി യാത്രചെയ്ത അഫ്ഗാൻ ബാലൻ സുരക്ഷിതനായി ഡല്‍ഹിയിലെത്തിയെന്ന് റിപ്പോർട്ട്.കാബൂളില്‍നിന്നുള്ള അഫ്ഗാനിസ്താന്റെ കെഎഎം എയർ വിമാനത്തില്‍ 13 വയസ്സുകാരൻ ഇന്ത്യയിലെത്തിയെന്ന് ഒരു ഇംഗ്ലീഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.
94 മിനിറ്റ് യാത്ര പൂർത്തിയാക്കിയത് ഈ രംഗത്തെ വിദഗ്ധരെപ്പോലും അദ്ഭുതപ്പെടുത്തിയെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇത്തരത്തില്‍ യാത്രചെയ്ത് സുരക്ഷിതരായെത്തിയ സംഭവങ്ങള്‍ വിരളമാണ്.
വിമാനത്താവളത്തില്‍ കയറിയ ബാലൻ ബോർഡിങ് സമയത്ത് വിമാനത്തിന്റെ പിൻചക്രഭാഗത്ത് ഒളിക്കുകയായിരുന്നു. കാബൂളിലെ വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച രാവിലെ 8.46-ന് പുറപ്പെട്ട വിമാനം 10.20-ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ചരക്കുകള്‍ കയറ്റുന്ന നിയന്ത്രിതഭാഗത്ത് വിമാനത്താവള ജീവനക്കാരനാണ് കുട്ടിയെ കണ്ടത്. ടെയ്ക്ക് ഓഫിനുശേഷം വീല്‍ ബേയുടെ വാതില്‍ തുറന്നിട്ടുണ്ടാകുമെന്നും ചക്രം പിൻവാങ്ങുകയും കതക് അടയുകയും ചെയ്തപ്പോള്‍ കുട്ടി ഇടയിലെ എൻക്ലോസ്ഡ് ഭാഗത്ത് കടന്നിരിക്കാമെന്നുമാണ് ഒരു നിഗമനം. യാത്രക്കാരുടെ ക്യാബിന് സമാനമായ താപനിലയാണ് ഇവിടെ. കുട്ടിയെ തിങ്കളാഴ്ച വൈകീട്ടോടെ തിരിച്ചയച്ചതായാണ് വിവരം. ഇന്ത്യൻ വ്യോമാതിർത്തിയില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ രഹസ്യവിമാന യാത്രയാണിത്. 1996 ഒക്ടോബർ 14-ന് പ്രദീപ് സെയ്നി (22), വിജയ് സെയ്നി (19) എന്നീ സഹോദരങ്ങള്‍ ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് ഈ രീതിയില്‍ യാത്രചെയ്തു. ലണ്ടനില്‍ എത്തിയപ്പോള്‍ വിജയ് സെയ്നി മരിച്ചിരുന്നു. പ്രദീപ് രക്ഷപ്പെട്ടു.