ക്ലാസ് റൂമുകൾ സ്മാർട്ടാകും, നാല് ലക്ഷം ദിനാറിന്റെ പദ്ധതികളുമായി ബഹ്റൈൻ
ബഹ്റൈനിലെ പ്രമുഖ ടെലിഫോൺ കമ്പനിയുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം 4,00,000 ദിനാർ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും ഇന്ററാക്ടീവ് ഡിജിറ്റൽ സ്മാർട്ട്ബോർഡുകളും സമഗ്രമായ സിസിടിവി നെറ്റ്വർക്കും സ്ഥാപിക്കും. ഏകദേശം 12,000 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ ഭാഗമായി, ടെലിഫോൺ കമ്പനിയുടെ ഏറ്റവും പുതിയ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (ഐസിടി)യും എക്സ്ട്രാ-ലോ വോൾട്ടേജ് (ഇഎൽവി) സൊല്യൂഷനുകളും ആവശ്യമായ സോഫ്റ്റ്വെയർ ലൈസൻസുകളും ഉടൻ ലഭ്യമാക്കും.
ഇതു സംബന്ധിച്ച കരാറിൽ കമ്പനി ബഹ്റൈൻ ചീഫ് കമ്മ്യൂണിക്കേഷൻസ് & ഇൻവെസ്റ്റർ റിലേഷൻസ് ഓഫീസർ ഷെയ്ഖ് അബ്ദുള്ള ഖാലിദ് അൽ-ഖലീഫയും ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും ഒപ്പുവെച്ചു. തദവസരത്തിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവരും സന്നിഹിതരായിരുന്നു.
സ്കൂളിന്റെ ഇരു കാമ്പസുകളിലെയും 350 ക്ലാസ് മുറികളിൽ അത്യാധുനിക ഡിജിറ്റൽ സ്മാർട്ട്ബോർഡുകൾ സജ്ജീകരിച്ച് പഠന സൗകര്യങ്ങൾ ആധുനികവൽക്കരിക്കും. ഈ സംവേദനാത്മക പാനലുകൾ ചലനാത്മകവും ആകർഷകവുമായ പഠനാനുഭവങ്ങൾ നൽകാൻ സഹായിക്കും. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സ്കൂളിന്റെ ഒരു സുപ്രധാന ചുവടുവെപ്പാണ് കമ്പനിയുമായുള്ള ഈ പങ്കാളിത്തമെന്നു സ്കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുന്നതിനും ഭാവിയിലേക്ക് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കുന്ന നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് അഡ്വ ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂൺ 13 ന് നടന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ പദ്ധതിക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിരുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി ഇസ ടൗൺ കാമ്പസിലെ 225 ക്ലാസ് മുറികളിലും റിഫ കാമ്പസിലെ 125 ക്ലാസ് മുറികളിലും പാനലുകൾ സ്ഥാപിക്കും.
ഓരോ ക്ലാസ് മുറിയിലും UHD റെസല്യൂഷൻ, ഡ്യുവൽ സിസ്റ്റം സപ്പോർട്ടുള്ള ആൻഡ്രോയിഡ് 14.0, തടസ്സമില്ലാത്ത ഇടപെടലിനായി 40-പോയിന്റ് ടച്ച് ശേഷിയുള്ള HIKVISION 86 ഇഞ്ച് 4K ഇന്ററാക്ടീവ് ഡിസ്പ്ലേ എന്നിവ ഉണ്ടായിരിക്കും. വിശാലമായ വ്യൂ ഫീൽഡ്, സ്മാർട്ട് മോഷൻ ഡിറ്റക്ഷൻ, ഡ്യുവൽ ലൈറ്റ് നൈറ്റ് വിഷൻ, ശക്തമായ കാലാവസ്ഥ പ്രതിരോധശേഷിയുള്ള ഡിസൈൻ എന്നിവയുൾപ്പെടെ വിപുലമായ സവിശേഷതകളുള്ള ക്യാമറകളും ക്ലാസ് മുറികളിൽ ഉണ്ടായിരിക്കും. സങ്കീർണ്ണമായ ആശയങ്ങൾ കൂടുതൽ ഫലപ്രദമായി വിശദീകരിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ സാധിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.