ഇന്ത്യയും ചൈനയും റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നു; യുഎന്‍ പൊതുസഭയില്‍ ട്രംപ്
ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്ക് മേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. മാത്രമല്ല പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച പാശ്ചാത്യരാജ്യങ്ങളുടെ നിലപാടിനെ ട്രംപ് ശക്തമായി അപലപിക്കുകയും ചെയ്തു. ഇത്തരം നീക്കങ്ങള്‍ ഹമാസിന്റെ ആക്രമണങ്ങള്‍ക്കുള്ള അംഗീകാരമാകുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ- പാക് സംഘര്‍ഷം ഉള്‍പ്പെടെ താന്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു. രണ്ടാം വരവില്‍ തനിക്ക് മുന്നിലുണ്ടായിരുന്ന വെറും ഏഴ് മാസങ്ങള്‍ കൊണ്ട് ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന് ട്രംപ് പറഞ്ഞു. യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിന്റെ പേരില്‍ തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടാന്‍ അര്‍ഹതയുണ്ടെന്നും ട്രംപ് തുറന്നുപറഞ്ഞു. ഐക്യരാഷ്ട്രസഭയെ നേരിട്ട് തന്നെ കുറ്റപ്പെടുത്തിയ ട്രംപ് യുഎന്‍ ഇടപെടുന്നതിനേക്കാള്‍ ഫലപ്രദമായി മധ്യസ്ഥ ചര്‍ച്ചകളില്‍ ഇടപെട്ടത് താനാണെന്ന് അവകാശപ്പെടുകയും ചെയ്തു. യുന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താന്‍ ചെയ്തത്. ലോകരാജ്യങ്ങളുടെ നേതാക്കളുമായി താന്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തി. യുഎന്നിന്റെ ഭാഗത്തുനിന്ന് ഒരു ഫോണ്‍ കോള്‍ പോലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.