Fincat

അമീബിക് മസ്തിഷ്കജ്വരം: ജലാശയങ്ങള്‍ ശുദ്ധീകരിക്കാൻ മാര്‍ഗരേഖ


തിരുവനന്തപുരം: അമീബിക് മസ്‌തിഷ്കജ്വരം വർധിക്കുന്ന പശ്ചാത്തലത്തില്‍ ജലാശയങ്ങളിലും നീന്തല്‍ക്കുളങ്ങളിലും മലിനീകരണനിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ.മുൻകരുതല്‍ നടപടികള്‍ ഉറപ്പാക്കാൻ സംസ്ഥാന പൊതുജനാരോഗ്യ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതു-സ്വകാര്യ നീന്തല്‍ കുളങ്ങളുടെ ഉപയോഗവും മലിനമായ കുളങ്ങളിലും തടാകങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും കുളിക്കുന്നതാണ് രോഗബാധയ്ക്കുള്ള കാരണങ്ങളെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
പ്രധാന നിർദേശങ്ങള്‍
• റിസോർട്ടുകള്‍, ഹോട്ടലുകള്‍, വാട്ടർ തീം പാർക്കുകള്‍, നീന്തല്‍ പരിശീലനകേന്ദ്രങ്ങള്‍ എന്നിവയുടെ നടത്തിപ്പുകാർ അതതിടങ്ങളിലെ വെള്ളം ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഇതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. പഞ്ചായത്ത് ആരോഗ്യ ഉദ്യോഗസ്ഥർ വരുമ്ബോള്‍ ഹാജരാക്കണം
• കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളില്‍ ക്ലോറിനേഷൻ നടത്തണം.
• ജലവിതരണ ശൃംഖലകളിലെ ശുദ്ധീകരണത്തിന് ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജൻസികള്‍ ശ്രദ്ധിക്കണം.
• അമീബയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന കുടിവെള്ള വിതരണശൃംഖലകളിലെ വെള്ളം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല.
• ജലസ്രോതസ്സുകളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതും ഖരമാലിന്യം തള്ളുന്നതും തടയണം.