ഏഷ്യാ കപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു
ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. പാകിസ്ഥാനെ രണ്ടുതവണ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍ ഉറപ്പിക്കാനാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ മറികടന്നാണ് ബംഗ്ലാ കടുവകള്‍ എത്തുന്നത്. താരത്തിളക്കത്തിലും ഫോമിലും കണക്കിലും ടീം ഇന്ത്യ ബഹുദൂരം മുന്നില്‍. അവസാന 32 ട്വന്റി 20യില്‍ ഇന്ത്യ തോല്‍വി നേരിട്ടത് മൂന്ന് കളിയില്‍ മാത്രം. സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.
അഭിഷേക് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ക്രീസിലുറച്ചാല്‍ സ്‌കോര്‍ ബോര്‍ഡിന് റോക്കറ്റ് വേഗമാവും. പിന്നാലെ വരുന്ന സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ഹാര്‍ദിക് പണ്ഡ്യയും ശിവം ദുബേയും അക്‌സര്‍ പട്ടേലുമെല്ലാം അതിവേഗം സ്‌കോര്‍ ചെയ്യുന്നവര്‍. സഞ്ജു സാംസണ്‍ കൂടി മധ്യനിരയുമായി പൊരുത്തപ്പെട്ടാല്‍ ബാറ്റിംഗ് നിര ഡബിള്‍ സ്‌ട്രോംഗ്. ജസ്പ്രിത് ബുമ്രയുടെ വേഗപ്പന്തുകള്‍ക്കൊപ്പം കളിയുടെ ഗതിനിശ്ചയിക്കുക കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ത്രയമായിരിക്കും.
വേഗം കുറഞ്ഞ പിച്ചുകളില്‍ വിക്കറ്റ് വീഴ്ത്തുന്ന മുസ്തഫിസുര്‍ റഹ്മാന്റെ പന്തുകളിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. റണ്‍സിനായി ഉറ്റുനോക്കുന്നത് ലിറ്റണ്‍ ദാസിന്റെയും തൗഹീദ് ഹൃദോയിയുടേയും ബാറ്റുകളിലേക്ക്. ബംഗ്ലാദേശിനെതിരെ ട്വന്റി 20യില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം. പതിനേഴ് കളിയില്‍ പതിനാറിലും ജയം. ബംഗ്ലാദേശിന്റെ ഏക ജയം 2019ല്‍.