ടൂറിസവും വിഴിഞ്ഞവും കേരളത്തിനു വലിയ സാധ്യതകളെന്ന് ഉമേഷ് രേവാങ്കര്‍
വിഴിഞ്ഞം തുറമുഖ പദ്ധതിയും വിനോദ സഞ്ചാരവും കേരളത്തില്‍ വലിയ സാധ്യതകള്‍ നല്‍കുന്നതാണെന്ന് ശ്രീറാം ഫിനാൻസ് വൈസ് ചെയർമാൻ ഉമേഷ് രേവാങ്കർ.ചരക്കുനീക്കവുമായി ബന്ധപ്പെട്ട് വലിയ വികസന സാധ്യതകളാണ് വിഴിഞ്ഞം തുറന്നിടുന്നത്. ലോജിസ്റ്റിക്സ് മാത്രമല്ല, ഉത്പാദന, മൂല്യവർധിത വ്യവസായ രംഗങ്ങളിലും ഇതു വലിയ നേട്ടമാക്കി മാറ്റാനാകും. കേരളത്തിനു മികച്ച ഭാവിയാണ് ഇതുവഴി കാണുന്നത്. വാണിജ്യ വാഹന രംഗത്ത് 20 ശതമാനം വരെ വളർച്ച ഇതുവഴി പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും വലിയ കണ്ടെയ്നർ വാഹനങ്ങള്‍.
സംസ്ഥാനത്ത് വലിയ ട്രക്കുകളെത്തുന്നതില്‍ മാറ്റം പ്രകടമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കമ്ബനി ചെറു വാണിജ്യ വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കേരളത്തില്‍ വലിയ കണ്ടെയ്നർ ഓപറേറ്റർമാർ കുറവാണ്. മിക്കവാറും കേരളത്തിനു പുറത്തുനിന്നാണ് ഇവയെത്തുന്നത്. എങ്കിലും കേരളത്തില്‍ ഗോഡൗണുകളും ലോജിസ്റ്റിക്സ് പാർക്കുകളും ഉള്‍പ്പെടെ വലിയ നിക്ഷേപത്തിനു സാധ്യതയുണ്ട്. ഇത് പുതിയ വ്യവസായ മേഖലയായി ഉയർന്നു വരും. ഉത്പന്നങ്ങള്‍ ശേഖരിക്കാനും മൂല്യവർധന വരുത്താനും മറ്റുമായി പുതിയ സംരംഭങ്ങള്‍ക്കും അവരങ്ങളുയർന്നുവരും. കേരളത്തിന്റെ ദൃശ്യഭംഗി വിനോദസഞ്ചാര രംഗത്തും വലിയ വാഗ്ദാനമാണ്. കമ്ബനിയുടെ വായ്പകളില്‍ വലിയൊരു ഭാഗം ടൂറിസ്റ്റ് ടാക്സികള്‍ക്കാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേരളത്തിലെ പ്രവർത്തനം
കേരളത്തില്‍ വാഹന വായ്പകളില്‍ പത്തു ശതമാനം വിപണി വിഹിതമാണ് കമ്ബനിക്കുള്ളത്. ആകെ 12,000 കോടി രൂപയുടെ വായ്പകള്‍ കേരളത്തില്‍ കൈകാര്യം ചെയ്യുന്നു. 80 ശതമാനം വരെ വാണിജ്യ – യാത്രാ വാഹന വായ്പകളാണ്. നിലവില്‍ 7,389.87 കോടിയുടെ വാണിജ്യ വാഹന വായ്പകള്‍ നല്‍കിയിട്ടുണ്ട്. യാത്രാ വാഹനങ്ങള്‍ക്കിത് 4,875.57 കോടിയാണ്. യാത്രാ വാഹനങ്ങളില്‍ കൂടുതലും ടൂറിസ്റ്റ് ആവശ്യത്തിനുള്ളവയാണ്. നിർമാണ ഉപകരണങ്ങള്‍ – 831.35 കോടി, ഇരുചക്ര വാഹനങ്ങള്‍ – 543.96 കോടി, സ്വർണപ്പണയ വായ്പ – 49.08 കോടി എന്നിങ്ങനെയാണ് മറ്റുള്ളവ.
വായ്പാ പലിശ
റിസർവ് ബാങ്ക് പലിശ കുറച്ചാലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ (എൻബിഎഫ് സി) പലിശ നിരക്ക് വേഗം കുറയില്ല. ആർബിഐ പലിശ കുറയ്ക്കുമ്ബോള്‍ അതിന്റെ നേട്ടം ഉടനടി കമ്ബനിക്കു ലഭിക്കുന്നില്ലെന്നതാണ് കാരണം. ബാങ്കുകള്‍ 15 ശതമാനം ഇളവ് ഉടനടി കൈമാറും. ബാക്കി 85 ശതമാനം കൈമാറിയെത്താൻ സമയമെടുക്കും. നിലവിലെ വായ്പകള്‍ കാലാവധിയെത്തി പുതിയ വായ്പകള്‍ എടുക്കുമ്ബോള്‍ മാത്രമാണ് ഇളവിന്റെ നേട്ടം പൂർണമായി ലഭിക്കുക. ഇതിന് ഒന്നര വർഷം വരെയെടുക്കും.
മൊത്തം ബിസിനസ്
ഈ സാമ്ബത്തിക വർഷം അവസാനത്തോടെ കമ്ബനി മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി മൂന്നു ലക്ഷം കോടി രൂപയിലെത്തിക്കാൻ ലക്ഷ്യമിടുന്നു. നിലവിലിത് 2.7 ലക്ഷം കോടി രൂപയാണ്. 15 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നത്. ജൂണിലവസാനിച്ച ആദ്യ പാദത്തില്‍ 16 ശതമാനം വളർച്ച നേടാൻ കമ്ബനിക്കായി. രാജ്യവ്യാപകമായി കമ്ബനിക്ക് 3,225 ശാഖകളുണ്ട്. വർഷം 100 ശാഖകള്‍ വീതം പുതുതായി തുടങ്ങാൻ ലക്ഷ്യമിടുന്നു. നിലവില്‍ 6,000 കോടിയുടെ സ്വർണപ്പണയ വായ്പകള്‍ രാജ്യവ്യാപകമായി നല്‍കിയിട്ടുണ്ട്. രണ്ടു വർഷംകൊണ്ട് ഇത് 10,000 കോടിലെത്തിക്കാനാണ് ശ്രമം.