പരപ്പനങ്ങാടിയിൽ ബസ് സ്റ്റാൻഡ് വരുന്നു; പദ്ധതി രേഖ ഒരു മാസത്തിനകം
പരപ്പനങ്ങാടി: ഒരേ സമയം അഞ്ച് മുതൽ പത്ത് വരെ ബസുകൾക്ക് പാർക്കിംഗ് സൗകര്യമുള്ള ബസ് സ്റ്റാൻഡ് പദ്ധതിയിൽ മൂന്ന് കോടിയുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തിക്ക് പരപ്പനങ്ങാടി നഗരസഭയിൽ അടുത്ത ആഴ്ച്ച മണ്ണ് പരിശോധന.
ഡി.പി.ആർ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് അർബൺ ഗ്രേ ഏജൻസി സീനിയർ കൺസൾട്ടൻ്റ് എസ് കീർത്തി, ആർക്കിടെക്റ്റ് വരുൺ കൃഷ്ണ എന്നിവർ ചെവ്വാഴ്ച്ച സ്ഥലം സന്ദർശിച്ചു. പരപ്പനങ്ങാടി നഗരസഭ കെട്ടിടത്തിന് പിറകുവശത്തുള്ള മാർക്കറ്റ് ഭാഗത്ത് ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ ഒരു മാസത്തിനകം വിശദ പദ്ധതി രേഖ നഗരസഭക്ക് സമർപ്പിക്കും. ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ താഴെ ഭാഗത്ത് ബങ്കുകൾ, രണ്ടാം നിലയിൽ സെമിനാർ ഹാൾ, മൂന്നാം നിലയിൽ ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള വാടക മുറികൾ എന്നിവ നിർമ്മിക്കും. പേ പാർക്കിംഗിന് പ്രത്യേകം സൗകര്യവും ഒരുക്കും. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് തടസ്സമായിരുന്ന പരപ്പനങ്ങാടി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കാൻ റവന്യൂ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസിന് നഗരസഭ കെട്ടിടത്തിനുള്ളിൽ സൗകര്യം ഒരുക്കുന്നതോടെ കെട്ടിടം പൊളിക്കൽ തുടങ്ങും. സാങ്കേതിക തടസ്സങ്ങളെല്ലാം പരിഹരിച്ചതായും വിശദ പദ്ധതി രേഖ ലഭിക്കുന്നതോടെ പരിശോധിച്ച് മാറ്റങ്ങൾ ആവശ്യമെങ്കിൽ അവ വരുത്തി സമയബന്ധിതമായി പ്രവൃത്തി ആരംഭിക്കുമെന്നും നഗരസഭ ചെയർമാൻ പി ഷാഹുൽ ഹമീദ് പറഞ്ഞു.നഗരസഭ തനത് ഫണ്ടിൽ നിന്ന് വകയിരുത്തിയ മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് പ്രാരംഭ ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവൃത്തി നടത്തുക.
അർബൺ ഗ്രേ ഏജൻസി പ്രതിനിധികളുടെ സന്ദശന വേളയിൽ ചെയർമാൻ പി ഷാഹുൽ ഹമീദിനൊപ്പം വൈസ് ചെയർപേഴ്സൺ ബി. പി ഷാഹിദ, കൗൺസിലർമാരായ
അബ്ദു റസാഖ് തലക്കലകത്ത്
എ.വി ഹസ്സൻ കോയ, ജാഫർ നെച്ചിക്കാട്ട്,
മുൻ വൈസ് ചെയർപേഴ്സൺ കുറ്റിക്കാട്ട് ഷഹർബാൻ, മുൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി മുസ്തഫ, ഗ്രേഡ് ഓവർസിയർ – ടി പരമേശ്വരൻ,എ.ഇ. വി. ബി മനോജ്,
ഓവർസിയർ കെ സബാബ് എന്നിവരും ഉണ്ടായിരുന്നു.
പടം: പരപ്പനങ്ങാടിയിൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ഡി.പി.ആർ തയ്യാറാക്കാനെത്തിയ അർബൺ ഗ്രേ ഏജൻസി പ്രതിനിധികൾ നഗരസഭ അധികൃതരുമായി സംസാരിക്കുന്നു