‘കുടുംബത്തിലെ രണ്ടാമത്തെ ദേശീയപുരസ്‌കാരം’; പിതാവിന് സമര്‍പ്പിച്ച് വിജയരാഘവന്‍
മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരലബ്ധിയില്‍ സന്തോഷം അറിയിച്ച് നടന്‍ വിജയരാഘവന്‍. ചൊവ്വാഴ്ച വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിജയരാഘവന്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.’പൂക്കാല’ത്തിലെ അഭിനയത്തിനാണ് വിജയരാഘവന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചത്. വിജയരാഘവന്‍ പുരസ്‌കാരം പിതാവിന് സമര്‍പ്പിച്ചു.
’53 വര്‍ഷങ്ങള്‍, എണ്ണമറ്റ കഥാപാത്രങ്ങള്‍, തീരാത്ത പാഠങ്ങള്‍. ഒടുവില്‍ അവാര്‍ഡ് വീണ്ടും വീട്ടിലേക്കെത്തുന്നു. ഞങ്ങളുടെ കുടുംബത്തിലെ രണ്ടാമത്തെ ദേശീയപുരസ്‌കാരം. ആദ്യത്തേത് എന്റെ അച്ഛനായിരുന്നു. ഇത് അദ്ദേഹത്തിനാണ്. ഈ യാത്രയ്ക്ക്, ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദി’, എന്നായിരുന്നു വിജയരാഘവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
71-ാമത് ദേശീയപുരസ്‌കാരത്തില്‍ വിജയരാഘവന് പുറമേ മലയാളത്തിന് മികച്ച നേട്ടമാണുണ്ടായത്. 2023-ലെ ദേശീയപുരസ്‌കാരമാണ് ചൊവ്വാഴ്ച വിതരണംചെയ്തത്. ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉര്‍വശി സഹനടിക്കുള്ള പുരസ്‌കാരം നേടി. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനും രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചു.
മലയാളികളായ മിഥുന്‍ മുരളി (എഡിറ്റിങ്- പൂക്കാലം), പി. മോഹന്‍ദാസ് (പ്രെഡക്ഷന്‍ ഡിസൈനര്‍- 2018), എം.കെ. രാംദാസ് (നോണ്‍ ഫീച്ചര്‍ ഫിലിം പ്രത്യേക പരാമര്‍ശം- ‘നെകല്‍- ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍’), സച്ചിന്‍ സുധാകരന്‍ (ശബ്ദരൂപകല്പന- അനിമല്‍), എം.ആര്‍. രാജകൃഷ്ണന്‍ (റീറെക്കോഡിങ് ഡിജിറ്റല്‍ പ്രത്യേക പരാമര്‍ശം), എസ്. ഹരികൃഷ്ണന്‍ (വിവരണം- ദ സേക്രഡ് ജാക്ക്) എന്നിവരും മികച്ച മലയാള ചിത്രമായ ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയും പുരസ്‌കാരങ്ങളേറ്റുവാങ്ങി.