Fincat

നിരാശപ്പെടുത്തി കെഎല്‍ രാഹുല്‍; ഓസ്‌ട്രേലിയ എയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം


ലക്നൗ: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 420നെതിരെ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 എന്ന നിലയിലാണ്.എന്‍ ജഗദീഷന്‍ (24), സായ് സുദര്‍ശന്‍ (1) എന്നിവരാണ് ക്രീസില്‍. കെ എല്‍ രാഹുലിന്റെ (11) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. വില്‍ സതര്‍ലന്‍ഡിനായിരുന്നു വിക്കറ്റ്. നേരത്തെ, ടോഡ് മര്‍ഫി (76) കൂടി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഓസീസിന്റെ സ്‌കോര്‍ 400 കടന്നത്.
ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. എന്നാല്‍ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടി. ഹെന്റി തോണ്‍ടണ്‍ (പുറത്താവാതെ 32) – മര്‍ഫി സഖ്യം അവസാന വിക്കറ്റില്‍ 91 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഒടുവില്‍, മര്‍ഫിയെ പുറത്താക്കി ഇന്ത്യ ബാറ്റിംഗിനെത്തുകയായിരുന്നു. 89 പന്തുകള്‍ നേരിട്ട മര്‍ഫി ഒരു സിക്‌സും 12 ഫോറും നേടി. മാനവ് സുതര്‍ ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേടി. ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
മര്‍ഫിയുടെ ഇന്നിംഗ്‌സിന് പുറമെ ജാക് എഡ്വേര്‍ഡ്സ് (88), നതാന്‍ മക്സ്വീനി (74) എന്നിവരും ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അത്ര നല്ലതായിരുന്നില്ല ഓസീസിന്റെ തുടക്കം. ഓപ്പണര്‍ കാംപെല്‍ കെല്ലാവെയുടെ (9) വിക്കറ്റ് തുടക്കത്തില്‍ തന്നെ ഓസീസിന് നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് സാം കോണ്‍സ്റ്റാസ് (49) മക്സ്വീനി സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കോണ്‍സ്റ്റാസിനെ പുറത്താക്കി സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഒലിവര്‍ പീക്ക് (29), കൂപ്പര്‍ കൊനോലി (0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. എന്നാല്‍ മക്സ്വീനി ആറാം വിക്കറ്റില്‍ ജോഷ് ഫിലിപ്പിനൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സഹായകമായി.
എന്നാല്‍ മക്സ്വീനിയെ പുറത്താക്കി ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുന്നു. വൈകാതെ ജോഷ് ഫിലിപ്പും (39), വില്‍ സതര്‍ലന്‍ഡും (10), കോറി റോച്ചിസിയോലി (2) എന്നിവര്‍ മടങ്ങി. എങ്കിലും എഡ്വേര്‍ഡ്സ് – മര്‍ഫി സഖ്യം വേഗത്തില്‍ റണ്‍സ് കണ്ടെത്തി. ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് 350ലെത്തിച്ചതും. എഡ്വേര്‍ഡ്സിനെ ബ്രാര്‍ മടക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരം നയിച്ച ശ്രേയസ് അയ്യര്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ധ്രുവ് ജുറലാണ് ക്യാപ്റ്റന്‍. കെ എല്‍ രാഹുലിന് പുറമെ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ എ: എന്‍ ജഗദീശന്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍, മാനവ് സുതര്‍.
ഓസ്ട്രേലിയ എ: സാം കോണ്‍സ്റ്റാസ്, കാംബെല്‍ കെല്ലവേ, നഥാന്‍ മക്‌സ്വീനി (ക്യാപ്റ്റന്‍), ഒലിവര്‍ പീക്ക്, കൂപ്പര്‍ കൊനോലി, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), ജാക്ക് എഡ്വേര്‍ഡ്‌സ്, വില്‍ സതര്‍ലാന്‍ഡ്, കോറി റോച്ചിസിയോലി, ടോഡ് മര്‍ഫി, ഹെന്റി തോണ്‍ടണ്‍.