Fincat

ഇന്ത്യൻ രൂപയുടെ തകർച്ചയിൽ നേട്ടം കൊയ്ത് പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ തിരക്ക്

ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയില്‍ വിദേശ കറന്‍സിയുടെ ഉയര്‍ന്ന വിനിമയനിരക്ക് മുതലാക്കി നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. ഒമാനിലെ ഇന്ത്യക്കാര്‍ക്കാണ് ഇത് ഏറെ നേട്ടമായത്. 230 രൂപക്ക് മുകളിലാണ് ഒരു ഒമാനി റിയാലിന്റെ ഇപ്പോഴത്തെ വിനിമയ നിരക്ക്. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യന്‍ രൂപക്കെതിരെ വിദേശ കറന്‍സികളുടെ മൂല്യം ഉയരുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു ഒമാനി റിയാലിന് 230ന് മുകളില്‍ ഇന്ത്യന്‍ രൂപ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസികള്‍.

ഒമാനിലെ എക്സ്ചേഞ്ച് ഹൗസുകള്‍ 230.68 എന്ന നിരക്കിലാണ് ഇന്ന് വിനിമയം നടത്തിയത്. ഉയര്‍ന്ന തുക നാട്ടില്‍ കിട്ടുമെന്നതിനാല്‍ കൂടുതല്‍ പണം അയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. രാജ്യത്തെ എക്‌സചൈഞ്ച് ഹൗസുകളില്‍ ഇതിന്റെ തിരക്ക് പ്രകടമാണ്. വരും ദിവസങ്ങളിലും വിനിമയ നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അടുത്ത മാസം ആദ്യത്തോടെ പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുമെന്നതിനാല്‍ ഇനിയും കൂടുതല്‍ പണം ഇന്ത്യയിലേക്ക് എത്തും.
നാട്ടിലേക്ക് പണം അയക്കാനുള്ള മികച്ച സമയമായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. അമേരിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് തകര്‍ച്ച നേരിടുകയും വിദേശ കറന്‍സികളുടെ മൂല്യം ഉയരുകയും ചെയ്തത്. എച്ച്-1ബി വിസ നിരക്ക് കുത്തനെ കൂട്ടിയതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതായും വിലയിരുത്തപ്പെടുന്നു.