ഗോളടിച്ചും അടിപ്പിച്ചും മെസി; ന്യൂയോര്‍ക്കിനെതിരെ ഇന്റര്‍ മയാമിക്ക് നിര്‍ണായക വിജയം
മെസി മാജിക്കില്‍ ഇന്റര്‍ മയാമിക്ക് വീണ്ടും വിജയം. മേജര്‍ ലീഗ് സോക്കറില്‍ ന്യൂയോര്‍ക്ക് സിറ്റിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി തകര്‍ത്തത്. സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞുകളിച്ചു. നിര്‍ണായക വിജയത്തോടെ എംഎല്‍എസ് പ്ലേ ഓഫിന് അടുത്തെത്താനും ഇന്റര്‍ മയാമിക്ക് സാധിച്ചു.
43-ാം മിനിറ്റില്‍ ബാല്‍ട്ടസര്‍ റോഡ്രിഗസിലൂടെയാണ് ഇന്റര്‍ മയാമി ഗോള്‍വേട്ട ആരംഭിക്കുന്നത്. മെസിയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിലാണ് മെസിയുടെ ആദ്യഗോള്‍ പിറക്കുന്നത്. 74- ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെ അസിസ്റ്റിലാണ് മെസി വലകുലുക്കിയത്.
83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ലൂയി സുവാരസ് ഇന്റര്‍ മയാമിയുടെ സ്‌കോര്‍ ഉയര്‍ത്തി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ലയണല്‍ മെസി തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ഇന്റര്‍ മയാമി വലിയ വിജയം ഉറപ്പിച്ചു.