Fincat

ലഡാക്ക്; ഉന്നം സോനം, ജെന്‍ സീ നീക്കം നിരീക്ഷിച്ച്‌ സര്‍ക്കാര്‍, അതിര്‍ത്തിയില്‍ കണ്ണുനട്ട് ചൈനയും


ന്യൂഡല്‍ഹി/ലേ: ലഡാക്കിലെ ലേയിലുണ്ടായ സംഘർഷത്തിനുപിന്നാലെ പരിസ്ഥിതി പ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുക്കിനെതിരേ നടപടിയുമായി കേന്ദ്രസർക്കാർ.വിദേശസംഭാവന (നിയന്ത്രണ) നിയമം ലംഘിച്ച്‌ സംഭാവന സ്വീകരിച്ചെന്ന പരാതിയില്‍ വാങ്ചുക്കിന്റെ സ്ഥാപനത്തിനെതിരേ നടപടിയെടുത്തു.

സ്റ്റുഡന്റ്സ് എജുക്കേഷണല്‍ ആൻഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കി. ഇതോടൊപ്പം ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടർനേറ്റീവ്സ് ലഡാക്ക് എന്ന സ്ഥാപനത്തിനെതിരേയും നടപടി തുടങ്ങി. രണ്ട് സ്ഥാപനങ്ങള്‍ക്കും നേരേ സിബിഐ അന്വേഷണവും തുടങ്ങി. സംഘർഷത്തിനുകാരണം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗമാണെന്നാണ് കേന്ദ്രനിലപാട്. വാങ്ചുക്ക് ഫെബ്രുവരിയില്‍ പാകിസ്താൻ സന്ദർശിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

‘ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാ സംരക്ഷണവും ആവശ്യപ്പെട്ട് 15 ദിവസമായി വാങ്ചുക്ക് നിരാഹാര സമരത്തിലായിരുന്നു. ബുധനാഴ്ച പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ സമാധാനത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം സത്യാഗ്രഹം അവസാനിപ്പിച്ചു.

അറബ് വസന്തംപോലുള്ള സമരത്തെക്കുറിച്ചും നേപ്പാളിലെ ജെൻ സീ പ്രക്ഷോഭത്തെക്കുറിച്ചുമുള്ള പരാമർശങ്ങളിലൂടെ വാങ്ചുക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ ആരോപണം. ഇതാണ്‌ തീവെപ്പിനും അക്രമത്തിനും നേതൃത്വംനല്‍കിയ ജനക്കൂട്ടത്തിന് ആവേശം പകർന്നത്. അക്രമം നിയന്ത്രിക്കുന്നതിനുപകരം നിരാഹാരം നിർത്തി വാങ്ചുക് ആംബുലൻസില്‍ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു’ -ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ലേ അപ്പക്സ് ബോഡിയുടെ നേതൃത്വത്തില്‍, അക്രമംരൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി. 50 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജെൻസീ പ്രക്ഷോഭത്തിലേക്ക് പ്രശ്നങ്ങള്‍ വഴുതിപ്പോകാനുള്ള സാധ്യതകള്‍ കേന്ദ്രം തള്ളിക്കളയുന്നില്ലെന്നാണ് സൂചന. ബുധനാഴ്ച പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍പ്പേർ മരിച്ചെന്നും റിപ്പോർട്ടുണ്ട്. 22 പോലീസുകാർ ഉള്‍പ്പെടെ 80-ഓളം പേർക്ക് പരിക്കേറ്റു.

കർശനനിരീക്ഷണവുമായി കേന്ദ്ര സർക്കാർ

ലഡാക്കിലെ സ്ഥിതിഗതികള്‍ ജെൻസീ പ്രക്ഷോഭത്തിന്റെ സ്വഭാവത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യതകള്‍കൂടി കണക്കിലെടുത്ത് കർശനനിരീക്ഷണവുമായി കേന്ദ്രം. പ്രക്ഷോഭത്തില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമാണെന്നതും ചൈനയുമായി അതിർത്തിപങ്കിടുന്ന പ്രദേശമായതിനാല്‍ അതിജാഗ്രതയിലാണ് സുരക്ഷാസേന. പ്രതിഷേധം ആക്രമത്തിലേക്ക് തിരിയാൻ കാരണം സമരനേതാവ് സോനം വാങ്ചുക്കിന്റെ പ്രസംഗമാണെന്ന നിലപാടിലാണ് സർക്കാർ. ഇതാണ് വാങ്ചുക്കിന്റെ സ്ഥാപനങ്ങള്‍ക്കുനേരേ കേന്ദ്രം നടപടിസ്വീകരിച്ചത്.

അക്രമത്തിനുപിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി

സംഘർഷത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെപേരില്‍ കേസെടുത്തു. കോണ്‍ഗ്രസ് കൗണ്‍സിലർ ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗിന്റെപേരിലാണ് കേസെടുത്തത്. ജനക്കൂട്ടത്തിന്റെ ഭാഗമായിനിന്ന് ഫണ്ട്സോഗ് അക്രമത്തിന് നേതൃത്വം നല്‍കിയെന്ന് ബിജെപി ആരോപിച്ചു. സംഘർഷത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി വാദം.

സർക്കാരിന്റെ സൃഷ്ടിയെന്ന് കോണ്‍ഗ്രസ്

: ലഡാക്കിലെ പ്രശ്നങ്ങള്‍ കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സൃഷ്ടിയാണെന്ന് കോണ്‍ഗ്രസ്. ഭരണഘടനയുടെ ആറാം ഷെഡ്യൂളിന്റെ സംരക്ഷണം ലഭിക്കണമെന്നും തങ്ങളുടെ സ്വത്വവും അന്തസ്സും സംരക്ഷിക്കണമെന്നുമുള്ള ലഡാക്കിലെ ജനങ്ങളുടെ ആവശ്യം ന്യായവും നിയമാനുസൃതവുമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കശ്മീർ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാനായില്ലെന്നുമാത്രമല്ല കേന്ദ്രസർക്കാരിന്റെ ഹ്രസ്വദൃഷ്ടി കാരണം ജമ്മുവും ലഡാക്കുംകൂടി അക്രമസംഭവങ്ങളുടെ തീച്ചൂളയായിമാറിയെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര കുറ്റപ്പെടുത്തി.

അടിച്ചമർത്തല്‍ -സിപിഎം

: ലഡാക്കില്‍ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്രൂരമായ അടിച്ചമർത്തലാണ് നടക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി. ക്രൂരമായ ഇത്തരം നടപടികളാണ് അഞ്ചുപേരുടെ ജീവൻ നഷ്ടപ്പെടാനും ഒട്ടേറെപ്പേർക്ക് പരിക്കേല്‍ക്കാനും കാരണം -സിപിഎം ആരോപിച്ചു. പ്രക്ഷോഭം നടത്തുന്നവരുടെ പ്രതിനിധികളുമായി ചർച്ചനടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു

കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാവണം

: ലഡാക്കിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകണമെന്ന് നാഷണല്‍ കോണ്‍ഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ലഡാക്ക് ചൈനാ അതിർത്തിപ്രദേശമാണ്. ചൈന ഒളിച്ചിരിക്കുന്നുണ്ട്, അവർ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. അത് വേഗത്തില്‍ പരിഹരിക്കേണ്ട സമയമാണിത്. -അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന് ഇടയാക്കിയത് കാലങ്ങളായുള്ള അമർഷം

സംസ്ഥാനപദവിയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ടുള്ള ലഡാക്കിന്റെ പൊട്ടിത്തെറി അപ്രതീക്ഷിതമായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലെ വർഷങ്ങളായായുള്ള അമർഷമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

ചരിത്രം

ലഡാക്കിലെ രാജപരമ്ബരയിലുള്ള കുഷോക് ഗ്യാല്‍സ്രാസ് ബകുല റിൻപോച്ചെയാണ് സ്വാതന്ത്ര്യാനന്തരം ജമ്മു-കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്കിന്റെ നേതാവായി ഉയർന്നുവന്നത്. തുടക്കംമുതല്‍തന്നെ ശ്രീനഗർ ആസ്ഥാനമായുള്ള സർക്കാർ ലഡാക്കിനെ അവഗണിച്ചിരുന്നു. 1952-ല്‍ സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ബകുല റിൻപോച്ചെ ഇതിനെ എതിർത്തു. 1988-ല്‍ തുപ്സ്ഥാൻ ചെവാങ് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായി. കശ്മീരില്‍നിന്ന് വേർപെടുത്തണമെന്നാവശ്യപ്പെട്ട് 1989-ല്‍ പ്രതിഷേധമാരംഭിച്ചു. തുടർന്ന് ഹില്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. 2002-ലാണ് ലഡാക്ക് യൂണിയൻ ടെറിറ്ററി ഫ്രണ്ട് (എല്‍യുടിഎഫ്) രൂപവതകരിക്കുന്നത്. 2004-ല്‍, തുപ്സ്ഥാൻ ചെവാങ് ഇതിന്റെ സ്ഥാനാർഥിയായി മത്സരിച്ച്‌ വിജയിച്ചു.

ആർട്ടിക്കിള്‍ 370

2019-ല്‍ ബിജെപി സർക്കാർ ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടർന്ന് ഓഗസ്റ്റ് 5-ന് ജമ്മു-കശ്മീർ വിഭജിക്കപ്പെട്ടു. ജമ്മു-കശ്മീരിനൊപ്പം ലഡാക്കും കേന്ദ്രഭരണപ്രദേശമായിമാറി. അന്നുമുതല്‍ സംസ്ഥാനപദവി ആവശ്യം ശക്തമായി. ജമ്മു-കശ്മീർ നിയമസഭയില്‍ ലഡാക്കില്‍നിന്നുള്ള നാല് അംഗങ്ങളുണ്ടായിരുന്നു. ലോക്‌സഭയില്‍ ഒരംഗം മാത്രം. ആറാം പട്ടികയുടെ പിൻബലമുണ്ടെങ്കിലേ ഹില്‍ കൗണ്‍സിലിന് നിയമനിർമാണാധികാരം ലഭിക്കൂ.

എന്തുകൊണ്ട് ആറാം ഷെഡ്യൂള്‍

ലഡാക്കിലെ ലേയില്‍ ഭൂരിപക്ഷം ബുദ്ധമതവിശ്വാസികളും കാർഗിലില്‍ ഭൂരിപക്ഷം മുസ്‌ലിം മതവിശ്വാസികളുമാണ്. 2011-ലെ സെൻസസ് പ്രകാരം ലഡാക്കിലെ ജനസംഖ്യ മൂന്നുലക്ഷത്തിനടുത്താണ്. ഇതില്‍ 97 ശതമാനവും ഗോത്രവർഗക്കാരാണ്. ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങളും സ്വയംഭരണാധികാരവും ഉറപ്പുവരുത്തുന്നതാണ് ആറാം ഷെഡ്യൂള്‍. ബിജെപി ലഡാക്കിലെ ജനങ്ങള്‍ക്ക് ഇത് വാഗ്ദാനം ചെയ്തിരുന്നു. ആറാം ഷെഡ്യൂള്‍ വാക്കുമാത്രമായി തുടർന്നതോടെ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

വാങ്ചുക് അംഗമായ ലേ അപെക്സ് ബോഡിയും (എല്‍എബി) കാർഗില്‍ ഡെമക്രാറ്റിക് അലയൻസും (കെഡിഎ) ദീർഘനാളായി ലഡാക്കിനുവേണ്ടി പ്രതിഷേധത്തിലാണ്. ഇതുകാരണമാണ് 2023 ജനുവരി രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്കരിച്ചത്. ലഡാക്കിനായി ഉയർത്തിയ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് 2024-ല്‍ 21 ദിവസത്തെ നിരാഹാരസമരം നടത്തി. 1000 കിലോമീറ്റർ റാലിയും സംഘടിപ്പിച്ചു. തുടർന്ന് 2025 സെപ്റ്റംബർ 10-ന് വാങ്ചുകിന്റെ നേതൃത്വത്തില്‍ 15 പേർ നിരാഹാരസമരം തുടങ്ങി. അനിശ്ചിതകാല നിരാഹാരസമരം 14 ദിവസം പിന്നിട്ടപ്പോള്‍ സമരം ചെയ്യുന്നവരില്‍ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതാണ് പ്രക്ഷോഭത്തിനിടയാക്കിയത്.