ഇന്ത്യൻ സൈന്യത്തിനൊപ്പം 60 വര്‍ഷങ്ങള്‍; മിഗ്-21-ന് യാത്രയയപ്പ് ഒരുക്കി വ്യോമസേന
ന്യൂഡല്‍ഹി: ഇന്ത്യയുടെ നീലാകാശത്തുനിന്ന് വ്യോമസേനയു ടെ മുന്നണിപ്പോരാളിയായിരുന്ന മിഗ് 21 വിടപറഞ്ഞു. അറുപത് വര്‍ഷത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് ഈ യുദ്ധവിമാനം വ്യോമസേനയോട് വിടചൊല്ലിയത്.ചണ്ഡീഗഢില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്- 21-നായി ഒരുക്കിയത്. വ്യോമസേനയില്‍ 1963-ല്‍ മിഗ് -21-നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഢിലായതിനാലാണ് യാത്രയയപ്പിനായി ചണ്ഡീഗഢ് തിരഞ്ഞെടുത്തത്.
വെള്ളിയാഴ്ച 12.05-ന് മിഗ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി അവസാനമായി പറന്നു. ലാന്‍ഡ് ചെയ്യുന്ന മിഗ്-21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. തേജസ് മാര്‍ക്ക് 1എ വിമാനമാണ് മിഗ്- 21-ന് പകരക്കാരനായി വ്യോമസേനയിലെത്തുക.
മുന്‍ സോവിയറ്റ് യൂണിയനിലെ മികോയന്‍-ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോയാണ് മികോയന്‍-ഗുരേവിച്ച് മിഗ്- 21 എന്ന സൂപ്പര്‍സോണിക് ജെറ്റ് ഫൈറ്റര്‍ രൂപകല്‍പ്പന ചെയ്തത്. 1963-ലാണ് മിഗ്- 21 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതുവരെ 900 മിഗ് -21 യുദ്ധവിമാനങ്ങളാണ് വ്യോമസേന ഉപയോഗിച്ചത്. ഇതില്‍ 657 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചവയാണ്.
ഒറ്റ എന്‍ജിന്‍ യുദ്ധവിമാനമായ മിഗ്-21, ഒരു ചെറുവിമാനം കൂടിയാണ്. ഭാരം കുറഞ്ഞതും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്നതുമായ ഇതിന്റെ പരമാവധി പറക്കല്‍സമയം 30 മിനിറ്റാണ്. പാകിസ്താനുമായുള്ള 1965-ലെയും 1971-ലെയും യുദ്ധങ്ങളില്‍ മിഗ് 21 പോര്‍വിമാനങ്ങളായിരുന്നു ശക്തികേന്ദ്രം. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിര്‍ണായക പങ്ക് വഹിച്ചു. ഏറ്റവുമൊടുവിലായി ഓപ്പറേഷന്‍ സിന്ദൂറിലും മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചിരുന്നു. 2010 ഓടെ റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങള്‍ വന്നതോടെയാണ് മിഗ്-21 വ്യോമസേനയില്‍നിന്ന് കളമൊഴിഞ്ഞ് തുടങ്ങിയത്.