മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച ഈ സൂപ്പർസോണിക് യുദ്ധവിമാനം 1960-കളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ് ഇതോടെ പൂർണമാകുന്നത്.
സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചണ്ഡീഗഡിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉന്നത സൈനിക മേധാവികൾ, മുൻ സൈനികർ എന്നിവർ പങ്കെടുത്തു. മിഗ്-21-കൾ, ജാഗ്വാറുകൾ, സൂര്യകിരൺ എയറോബാറ്റിക് ടീം എന്നിവയുടെ മനോഹരമായ ഫ്ലൈപാസ്റ്റ് ചടങ്ങിന് മാറ്റുകൂട്ടി. ഈ വിമാനങ്ങൾ ‘ബാദൽ’, ‘പാന്തർ’ ഫോർമേഷനുകളിൽ പറന്നു. എയർ ചീഫ് മാർഷൽ എപി സിംഗ് സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയോടൊപ്പം ‘ബാദൽ’ ഫോർമേഷനിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
1960-കളുടെ തുടക്കത്തിൽ ചൈനയുമായും പാകിസ്താനുമായും അതിർത്തിയിൽ തുടർച്ചയായ തർക്കങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ ഇന്ത്യക്ക് അത്യാധുനിക യുദ്ധവിമാനങ്ങൾ അനിവാര്യമായിരുന്നു. അമേരിക്കയുടെ എഫ്-86 സേബർ, ഫ്രാൻസിൻ്റെ മിറാഷ്, സോവിയറ്റ് യൂണിയൻ്റെ മിഗ്-21 എന്നിവയായിരുന്നു അക്കാലത്തെ ഏറ്റവും മികച്ച പോരാളികൾ. വിശദമായ ചർച്ചകൾക്കൊടുവിൽ സോവിയറ്റ് യൂണിയനുമായി കൈകോർക്കാൻ ഇന്ത്യ തീരുമാനിച്ചു അങ്ങനെ 1963-ൽ മിഗ്-21 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.
രഹസ്യമായി നടന്ന ഒരു കരാറിലൂടെയാണ് ഇന്ത്യ ഈ വിമാനങ്ങൾ സ്വന്തമാക്കിയത്. ഇത് ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിലൊന്നായി കണക്കാക്കപ്പെടുന്നു. വിമാനങ്ങൾ വാങ്ങുന്നതിനൊപ്പം അവ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള ലൈസൻസും ലഭിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനായിരുന്നു (HAL) നിർമ്മാണ ചുമതല. ഈ കരാറിൻ്റെ സാമ്പത്തിക വിവരങ്ങൾ ഇന്നും രഹസ്യമായി തുടരുന്നു.
1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ മിഗ്-21 അതിൻ്റെ പോരാട്ടവീര്യം തെളിയിച്ചു. പാകിസ്താന്റെ അമേരിക്കൻ നിർമ്മിത സേബർ ജെറ്റുകളെ തുരത്തിയോടിച്ച് ഇന്ത്യൻ ആകാശം മിഗ്-21 കാത്തു. കറാച്ചി തുറമുഖം വരെ ഇന്ത്യൻ മിഗ്-21 വിമാനങ്ങൾ ആക്രമണം നടത്തി. ചരിത്രത്തിൽ രേഖപ്പെടുത്താത്ത നിരവധി വ്യോമ പോരാട്ടങ്ങളിൽ മിഗ്-21 നേടിയ വിജയങ്ങൾ ഇന്നും രഹസ്യമായി തുടരുന്നു. അക്കാലത്ത് പാകിസ്താന്റെ പേടിസ്വപ്നമായിരുന്നു മിഗ്-21.