ഇന്ത്യ ലോകോത്തര നിലവാരമുള്ള പാതകളും പാലങ്ങളും നിര്‍മിക്കുന്നു, കുഴികളെക്കുറിച്ചുള്ള പരാതി നിര്‍ത്തി നേട്ടങ്ങള്‍ അംഗീകരിക്കൂ- ഹര്‍ഷ് ഗോയങ്ക
ന്യൂഡല്‍ഹി: രാജ്യത്തെ റോഡുകളിലെ കുഴികളെ കുറിച്ച് പരാതി ഉന്നയിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്യാതെ ആധുനിക അടിസ്ഥാന സൗകര്യവികസനത്തില്‍ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെക്കൂടി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വ്യവസായ പ്രമുഖനും ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക.ലോകോത്തര നിലവാരത്തിലുള്ള ദേശീയപാതകളും പാലങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഇന്ത്യ ഇന്ന് നിര്‍മിക്കുന്നതായി ഹര്‍ഷ് ഗോയങ്ക പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
”ശരിയാണ്, നമ്മള്‍ റോഡുകളിലെ കുഴികളെക്കുറിച്ച് പരാതിപ്പെട്ടേക്കാം. എന്നാല്‍ നമുക്ക് ഇതും ആഘോഷിക്കാം-ലോകത്തെവിടെയുമുള്ള മികച്ചവയോട് കിടപിടിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ദേശീയപാതകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ ഇന്ന് നിര്‍മ്മിക്കുന്നു”, ഗോയങ്ക കുറിച്ചു. ഇന്ത്യയില്‍ പുതുതായി നിര്‍മ്മിച്ച ദേശീയപാതകളുടെ മനോഹര ദൃശ്യങ്ങളുടെ വീഡിയോ ക്ലിപ്പും ഗോയങ്ക പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗോയങ്കയുടെ പോസ്റ്റ് സാമൂഹികമാധ്യമത്തില്‍ സജീവമായ ചര്‍ച്ചകള്‍ക്കാണ് ഇടനല്‍കിയിരിക്കുന്നത്. പലരും അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചപ്പോള്‍, സാധാരണക്കാരുടെ ദൈനംദിന യാത്രാനുഭവങ്ങള്‍ പലപ്പോഴും മനോഹരമായ ഡ്രോണ്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് മറ്റുചിലര്‍ കമന്റ് ചെയ്തു. താന്‍ ഗോയങ്കയോട് യോജിക്കുന്നതായും പക്ഷെ അവധിക്കാലത്തോ ദീര്‍ഘദൂര യാത്രകള്‍ക്കോ അല്ലാതെ മിക്ക ആളുകളും ഹൈവേകള്‍ ഉപയോഗിക്കുന്നില്ലെന്നും ഒരാള്‍ പറഞ്ഞു.
പത്തുകൊല്ലം മുന്‍പുള്ളതിനേക്കാള്‍ എക്‌സ്പ്രസ് വേയുടെ നിലവാരം വളരെ മികച്ചതാണെന്ന് താന്‍ സമ്മതിക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു. വികസനത്തെ തള്ളിക്കളയരുതെന്നും ചുരുങ്ങിയ കാലം കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലുടനീളം വരുന്നത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണെന്നതില്‍ സംശയമില്ലെന്നും നിരന്തരം വിമര്‍ശിക്കുന്നതിന് പകരം നമ്മള്‍ നേട്ടങ്ങള്‍ ആഘോഷിക്കണമെന്നും റ്റൊരാള്‍ പ്രതികരിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഹൈവേകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ വലിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഭീമമായ പുരോഗതി കൈവരിച്ചുവെങ്കിലും ഒന്നാം ലോക രാജ്യങ്ങളെയും ചൈനയെയും അപേക്ഷിച്ച് ഇപ്പോഴും ബഹുദൂരം പിന്നിലാണെന്നും തുടങ്ങി ഒട്ടേറെ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.