മരുന്നുകളുടെ ഇറക്കുമതിക്ക് 100% തീരുവയെന്ന് ട്രംപ്; ആദ്യ പ്രതികരണവുമായി ഇന്ത്യ, ‘ട്രംപിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നു’
ദില്ലി: ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ താരിഫ് വർധനയുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുയാണെന്ന് വിദേശകാര്യമന്ത്രാലയം. പ്രത്യഘാതവും പരിശോധിക്കുമെന്ന് വക്താവ് രൺധീർ ജയ്സാൾ പറഞ്ഞു. ഫാർമ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ 100 ശതമാനം താരിഫ് അടുത്ത ഒന്ന് മുതൽ ചുമത്തുമെന്നായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നാറ്റോ ജനറൽ സെക്രട്ടറിയുടെ പ്രസ്താവന വിദേശകാര്യമന്ത്രാലയം തള്ളി. വിഷയത്തിൽ ഇടപെടാൻ മോദി പുടിനെ വിളിച്ചെന്ന മാർക്ക് റൂഥിൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പുതിയ താരിഫുകളെക്കുറിച്ച് സംബന്ധിച്ച ഒരു അറിയിപ്പ് ഇന്നലെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ഫാർമയെയും മറ്റ് ഉൽപ്പന്നങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടും ശ്രദ്ധയിൽപ്പെട്ടു. വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ ആഘാതം പരിശോധിക്കുകയും ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
യുഎന്നിൽ ട്രംപിനെ പുകഴ്ത്തി പാകിസ്ഥാൻ. ഇന്ത്യ -പാക്കിസ്ഥാൻ വെടിനിർത്തൽ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നിൽ പ്രസ്താവന നടത്തിയത്. വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേൽ സമ്മാനത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയ മുതലെടുപ്പിനായി യുദ്ധം ആരംഭിച്ചു. പാക് സൈന്യം വൻ വിജയം കൈവരിച്ചു. 7 ഇന്ത്യൻ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തി.