Fincat

സെക്കന്‍ഡ്ഹാന്‍ഡ് വാഹനം വാങ്ങുന്നതില്‍ തെറ്റില്ല; രജിസ്‌ട്രേഷന്‍ നിയമപ്രകാരമാണോയെന്ന് ഉറപ്പിക്കേണ്ടത് ഉടമകള്‍


കൊച്ചി: രാജ്യത്ത് നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ, ആ വാഹനങ്ങള്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തതാണോ ഇന്ത്യന്‍ നിരത്തുകളില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളതാണോയെന്ന് വാങ്ങുന്നയാള്‍ പരിശോധിച്ച്‌ ഉറപ്പാക്കണം.ഏത് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാലും വാഹനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണ്.

മോട്ടോര്‍വാഹന നിയമപ്രകാരം നിരത്തിലിറക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരിക്കണം. ഇന്ത്യന്‍ നിരത്തുകളില്‍ ഒരു വാഹനം (വേരിയന്റ്) ഇറക്കണമെങ്കില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെയോ (സിഐആര്‍ടി) ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയോ (എആര്‍എഐ)അംഗീകാരം വാങ്ങണം.

ഇതിനായി കമ്ബനികള്‍ ഒരു വാഹനം നിരത്തിലിറക്കുംമുന്‍പ് അത്തരത്തിലുള്ള അഞ്ച് വാഹനങ്ങള്‍ ഈ ഏജന്‍സികള്‍ക്ക് നല്‍കും. ക്രാഷ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയശേഷമാണ് സിഐആര്‍ടിയും എആര്‍എഐയും അനുമതി നല്‍കുന്നത്. ഇതിനുശേഷം കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരം നേടണം. പിന്നീട് അതത് സംസ്ഥാന സര്‍ക്കാരുകളുടെ ഗതാഗതവകുപ്പും അംഗീകരിച്ച ശേഷമാണ് നിരത്തിലിറക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുമ്ബോഴും ഇന്ത്യന്‍ നിരത്തുകളില്‍ ഓടിക്കാന്‍ കഴിയുന്നതാണോയെന്ന് ഉറപ്പാക്കണം.

ശ്രദ്ധിക്കാം

ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാഹനം കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടെങ്കില്‍ ആ സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിന്റെ എതിര്‍പ്പില്ലാരേഖ (എന്‍ഒസി) വാങ്ങണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഷാസി നമ്ബര്‍, എന്‍ജിന്‍ നമ്ബര്‍ എന്നിവ ശരിയാണോയെന്ന് ഉറപ്പാക്കണം.

വാഹനം ഒന്നിലേറെ തവണ കൈമാറ്റം ചെയ്തതാണെങ്കില്‍ ഒറിജിനല്‍ രജിസ്റ്ററിങ് അതോറിറ്റിയില്‍നിന്നു രജിസ്റ്ററിങ് സര്‍ട്ടിഫിക്കറ്റ് ഫീസ് അടച്ച്‌ വാങ്ങാം. റോഡ് ടാക്‌സ് അടച്ചിട്ടുണ്ടോയെന്നും ഉറപ്പാക്കണം. സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുമ്ബോള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തംപേരിലേക്ക് മാറ്റുന്നതിനൊപ്പം ഇന്‍ഷുറന്‍സും സ്വന്തം പേരിലാക്കണം.