കമ്ബനികള്‍ക്ക് 14,630 കോടിയുടെ വരുമാനം, ജനറിക് മരുന്നിന് ഇളവ്; ട്രംപിന്റെ തീരുവഭീഷണിയില്‍ വലയുമോ ഇന്ത്യൻ ഫാര്‍മ കമ്ബനികള്‍?
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന മരുന്നുകള്‍ക്കുമേല്‍ കൊണ്ടുവന്ന 100 ശതമാനം തീരുവ ഇന്ത്യൻ മരുന്നുകമ്ബനികളെ വലിയരീതിയില്‍ ബാധിച്ചേക്കില്ലെന്ന് വിലയിരുത്തല്‍.ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ് മരുന്നുകള്‍ക്കും പേറ്റന്റിനുകീഴില്‍ വരുന്ന മരുന്നുകള്‍ക്കുമാണ് തീരുവ നടപ്പാക്കുന്നത്. ഒക്ടോബർ ഒന്നുമുതലാണ് ഇതു പ്രാബല്യത്തിലാവുക. പേറ്റന്റ് കാലാവധി കഴിഞ്ഞ ജനറിക് മരുന്നുകള്‍ക്ക് ഇതു ബാധകമാക്കിയിട്ടില്ല. ഇന്ത്യൻ കമ്ബനികള്‍ അമേരിക്കയിലേക്ക് കൂടുതല്‍ കയറ്റിയയക്കുന്നത് ജനറിക് മരുന്നുകളാണ്.
അതേസമയം സണ്‍ ഫാർമ, ബയോകോണ്‍, അരബിന്ദ് ഫാർമ തുടങ്ങി യുഎസ് ബ്രാൻഡഡ് മരുന്നുവിപണിയില്‍ വലിയസാന്നിധ്യമുള്ള കമ്ബനികള്‍ക്ക് നടപടി തിരിച്ചടിയായേക്കും. നുവാമയിലെ അനലിസ്റ്റ് റിപ്പോർട്ടുപ്രകാരം സണ്‍ ഫാർമയ്ക്ക് അമേരിക്കയിലെ ബ്രാൻഡഡ് മരുന്നുവിപണിയില്‍ കഴിഞ്ഞ സാമ്ബത്തികവർഷം 110 കോടി ഡോളറിന്റെ വരുമാനം ലഭിച്ചിരുന്നു. ബയോകോണിനിത് 45 കോടി ഡോളറില്‍ താഴെയാണ്. അരബിന്ദ് ഫാർമയ്ക്ക് 10 കോടി ഡോളറും. ചില ആഭ്യന്തര ഔഷധഘടകനിർമാതാക്കള്‍ക്ക് ബ്രാൻഡഡ് മരുന്നുമേഖലയില്‍ സാന്നിധ്യമുണ്ടെങ്കിലും വരുമാനത്തില്‍ തുച്ഛമായ വിഹിതമാണ് ഇവർക്കുള്ളതെന്ന് ക്രിസില്‍ വിലയിരുത്തുന്നു. പല കമ്ബനികള്‍ക്കും അമേരിക്കയില്‍ നിർമാണയൂണിറ്റുകളുണ്ട്. ഇത് ആ കമ്ബനികളെ തീരുവയില്‍നിന്ന് ഒഴിവാക്കാൻ സഹായിക്കുമെന്നും ക്രിസില്‍ പറയുന്നു. അമേരിക്കയില്‍ ഉത്പാദനം തുടങ്ങാനായി ശ്രമം നടത്തുന്ന കമ്ബനികളെ തീരുവയില്‍നിന്ന് ഒഴിവാക്കുമെന്നാണ് വിവരം.
ജൂബിലന്റ് ഫാർമോവയ്ക്ക് അമേരിക്കയില്‍ നിർമാണശാലയുണ്ട്. ആല്‍കെം നിർമാണയൂണിറ്റ് തയ്യാറാക്കിവരുകയാണ്. അതുകൊണ്ടുതന്നെ ഈ കമ്ബനികള്‍ തീരുവയില്‍നിന്ന് ഒഴിവാകും. ആഭ്യന്തരകമ്ബനികളെ ഇപ്പോഴത്തെ യുഎസ് തീരുവ അധികം ബാധിച്ചേക്കില്ലെന്ന് വൻകിട മരുന്നുകയറ്റുമതിക്കാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫർമസ്യൂട്ടിക്കല്‍ അലയൻസ് സെക്രട്ടറി ജനറല്‍ സുദർശൻ ജെയിനും വ്യക്തമാക്കി.
അമേരിക്കയിലേക്ക് ഏറ്റവുമധികം ജനറിക് മരുന്നുകള്‍ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. 2025 ആദ്യപകുതിയില്‍ 370 കോടി ഡോളറിന്റെ ജനറിക് മരുന്നുകളാണ് അമേരിക്കയിലേക്ക് ഇവിടെനിന്ന് കയറ്റിയയച്ചത്. അമേരിക്കയിലെ ആരോഗ്യസംവിധാനത്തില്‍ ജനറിക് മരുന്നുകള്‍ക്ക് നിർണായകസ്ഥാനമാണുള്ളത്. ചികിത്സച്ചെലവുകള്‍ കുറച്ചുനിർത്തുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു.
അമേരിക്കയിലേക്ക് പേറ്റന്റുള്ളതും ബ്രാൻഡായതുമായ മരുന്നുകള്‍ കൂടുതല്‍ എത്തുന്നത് ബ്രിട്ടനില്‍നിന്നും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളില്‍നിന്നുമാണ്. ഈ രാജ്യങ്ങളെയാകും ഇന്ത്യയെക്കാളധികം തീരുവ ബാധിക്കുക.