Fincat

ഗുരുവായൂരിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം; പരിഹാരം കാണുമെന്ന് പൊലീസ്

തൃശൂര്‍: ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളികള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ എല്ലാം ഒഴിഞ്ഞു കിടന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചുവിട്ടു. നഗരത്തിന്റെ മുക്കിലും മൂലയിലും നിലയുറപ്പിച്ച സമരക്കാര്‍ മറ്റു സ്ഥലങ്ങളില്‍നിന്നുള്ള ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചില്ല.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പരിസരത്തെ മറ്റു ക്ഷേത്രങ്ങളിലേക്കും നടന്നു പോകേണ്ട അവസ്ഥയായി. വണ്‍വേയില്‍നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക് മിനിമം ചാര്‍ജാണ് ഈടാക്കുന്നത്. എന്നാല്‍ വണ്‍വേ പാലിക്കുമ്പോള്‍ ഇരട്ടി ചാര്‍ജ് ഈടാക്കേണ്ടി വരുന്നത് നല്‍കാന്‍ യാത്രക്കാര്‍ തയാറാകുന്നില്ലെന്നും സമരക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതേ സമയം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് പൊലീസ് അറിയിച്ചു.