Fincat

മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനെ വീഴ്ത്തി അത്‌ലറ്റികോ; അല്‍വാരസിന് ഡബിള്‍

ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്. മെട്രോപൊളിറ്റാനോയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ അത്‌ലറ്റികോ പരാജയപ്പെടുത്തിയത്. അത്‌ലറ്റികോയ്ക്ക് വേണ്ടി സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോളുകള്‍ നേടിത്തിളങ്ങി.

മത്സരത്തിന്റെ 14-ാം മിനിറ്റില്‍ റോബിന്‍ ലെ നോര്‍മാന്‍ഡിലൂടെ അത്‌ലറ്റികോയാണ് ആദ്യം മുന്നിലെത്തിയത്. 25-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ തിരിച്ചടിച്ചു. 36-ാം മിനിറ്റില്‍ ആര്‍ദ ഗൂളറുടെ ഗോളില്‍ റയല്‍ മുന്നിലെത്തി. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് അലക്‌സാണ്ടര്‍ സൊര്‍ലാത്തിലൂടെ അത്‌ലറ്റികോ സമനില പിടിച്ചു.
രണ്ടാം പകുതിയില്‍ പൂര്‍ണമായും ആധിപത്യം പുലര്‍ത്തിയത് അത്‌ലറ്റികോ മാഡ്രിഡായിരുന്നു. 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൂലിയന്‍ അല്‍വാരസ് അത്‌ലറ്റികോയെ മുന്നിലെത്തിച്ചു. 63-ാം മിനിറ്റില്‍ അല്‍വാരസ് തന്റെ രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ അന്റോയിന്‍ ഗ്രീസ്മാനും ഗോള്‍ നേടിയതോടെ റയല്‍ പരാജയം ഉറപ്പിച്ചു.