Fincat

കോഫി ടേസ്റ്റര്‍ ആകാന്‍ അവസരം; സയന്‍സ് ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം


കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു.കോഫി ടേസ്റ്ററായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അറിവും നൈപുണികളും കോഴ്സിലൂടെ നേടാം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിനുകീഴിലെ സ്ഥാപനമാണ് കോഫിബോര്‍ഡ് ഓഫ് ഇന്ത്യ.

മൂന്നു ട്രിമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമില്‍ പഠനമാധ്യമം ഇംഗ്ലീഷായിരിക്കും. ആദ്യ ട്രിമസ്റ്റര്‍ ചിക്കമഗളൂരു ബലേഹോണൂര്‍ സെന്‍ട്രല്‍ കോഫി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സിസിആര്‍ഐ) ആയിരിക്കും. ഇവിടെ സൗജന്യതാമസം അനുവദിക്കും. രണ്ടും മൂന്നും സെമസ്റ്ററുകള്‍ ബെംഗളൂരുവില്‍ ആയിരിക്കും.

പാഠ്യപദ്ധതി

കോഫി വെറൈറ്റീസ് ആന്‍ഡ് കപ് പ്രൊഫൈല്‍, കോഫി അഗ്രോണമി-കോഫി ഗ്രോയിങ്, കോഫി പെസ്റ്റ് ആന്‍ഡ് ഡിസീസ്, കോഫി പ്രോസസ്സിങ് ആന്‍ഡ് ക്വാളിറ്റി, പ്രിന്‍സിപ്പില്‍സ് ഓഫ് കോഫി ക്വാളിറ്റി (തിയറി, പ്രാക്ടിക്കല്‍), കോഫി കെമിസ്ട്രി ആന്‍ഡ് റോസ്റ്റിങ് ടെക്നോളജി (തിയറി, പ്രാക്ടിക്കല്‍), ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റം (തിയറി, പ്രാക്ടിക്കല്‍), സോഫ്റ്റ് സ്‌കില്‍സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഫോര്‍ ക്വാളിറ്റി മാനേജ്മെന്റ്, കോഫി മാര്‍ക്കറ്റിങ് ആന്‍ഡ് ട്രേഡ്, ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മാനേജ്മെന്റ്, കോഫി കെമിസ്ട്രി ആന്‍ഡ് ബ്രൂവിങ് ടെക്നോളജി, എസ്പ്രസോ ആന്‍ഡ് വാല്യൂ ആഡഡ് കോഫീസ് (പ്രാക്ടിക്കല്‍), ഇന്റന്‍സീവ് കപ്പിങ് (പ്രാക്ടിക്കല്‍) ഡിസര്‍ട്ടേഷന്‍ തുടങ്ങിയവയും ഉള്‍പ്പെടും.

ഓപ്പണ്‍ കാറ്റഗറിയിലും കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ഷിപ്പോടെയും പ്രവേശനമുണ്ട്. കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

പ്രവേശനയോഗ്യത

ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയന്‍സ്, ഫുഡ് ടെക്നോളജി, ഫുഡ് സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ് എന്നിവയിലൊരു വിഷയം പഠിച്ചുള്ള ബാച്ച്‌ലര്‍ ബിരുദമോ അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിലെ ബാച്ച്‌ലര്‍ ബിരുദമോ വേണം.

അക്കാദമിക് മികവ്, പഴ്സണല്‍ ഇന്റര്‍വ്യൂ, സെന്‍സറി ഇവാല്വേഷന്‍ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.

അപേക്ഷ

വിശദവിജ്ഞാപനം, അപേക്ഷാഫോം എന്നിവ coffeeboard.gov.in/News.aspx-ല്‍നിന്ന് ഡൗണ്‍ലോഡുചെയ്‌തെടുക്കാം. അപേക്ഷാഫീസ് 1500 രൂപ. വിജ്ഞാപനത്തില്‍ നല്‍കിയ അക്കൗണ്ടില്‍ ഓണ്‍ലൈനായി അടയ്ക്കാം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സെപ്റ്റംബര്‍ 30-നകം ലഭിക്കത്തക്കവിധം ‘ഡിവിഷണല്‍ ഹെഡ്, കോഫി ക്വാളിറ്റി, കോഫിബോര്‍ഡ്, നമ്ബര്‍ 1, ഡോ. ബി.ആര്‍. അംബേദ്കര്‍ വീഥി, ബെംഗളൂരു-560001’ എന്ന വിലാസത്തില്‍ അയക്കണം.

ഇന്റര്‍വ്യൂ, സെലക്ഷന്‍ എന്നിവ 2025 ഒക്ടോബര്‍ രണ്ട്/മൂന്ന് വാരത്തില്‍ നടത്തും.

കോഴ്സ് ഫീസ് രണ്ടുലക്ഷത്തി അന്‍പതിനായിരം രൂപ. പട്ടികവിഭാഗക്കാര്‍ക്ക് ഒരുലക്ഷത്തി ഇരുപത്തയ്യായിരം രൂപ. വിവരങ്ങള്‍ക്ക്: coffeeboard.gov.in സഹായങ്ങള്‍ക്ക്: hdqccoffeeboard@gmail.com