Fincat

കരൂരില്‍ സംഭവിച്ചത് ക്രൗഡ് ക്രാഷ്, ശ്വാസം മുട്ടിയുള്ള മരണം; വിജയ്‌യെ സെലിബ്രിറ്റി ഓറയും രക്ഷിക്കില്ല


കരൂരില്‍ നടന്‍ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്നര വയസുള്ള കുട്ടിയും ഗര്‍ഭിണികളും അടക്കം 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്.സമീപകാലത്ത് ഒരു രാഷ്ട്രീയ പരിപാടിക്കിടെ നടന്ന ഏറ്റവും വലിയ ദുരന്തമാണ് കരൂരില്‍ നടന്നത്. എന്നാല്‍ കരൂരില്‍ നടന്നത് വെറുമൊരു ദുരന്തം മാത്രമല്ല രാജ്യത്ത് ആവര്‍ത്തിച്ചു നടന്ന അപകടങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തതിന്റെ പരിണതഫലം കൂടിയാണ്. ബഹുജന പിന്തുണയുള്ള രാഷ്ട്രീയക്കാര്‍ പൊതുപരിപാടികള്‍ നടത്തുമ്ബോള്‍ ആളുകള്‍ തടിച്ചുകൂടുക സ്വാഭാവികമാണ്. എന്നാല്‍, അയാള്‍ വെള്ളിത്തിരയിലെ സൂപ്പര്‍താരം കൂടിയാകുമ്ബോള്‍ കഥമാറുന്നു. താരാരാധനയുടെ കാര്യത്തില്‍ തമിഴകത്തിന് വലിയൊരു ചരിത്രം കൂടിയുണ്ട്. സിനിമയില്‍ നിന്ന് അധികാരത്തിലെത്തിയ നേതാക്കളും ധാരാളമുള്ള രാഷ്ട്രീയമാണ് തമിഴ്‌നാട്ടിലേത്. അതിലേക്കാണ് തമിഴക വെട്രി കഴകമെന്ന ടിവികെ പാര്‍ട്ടിയുമായി വിജയ് കളം നിറയാനെത്തിയത്.

കരൂരില്‍ നടന്ന ദുരന്തം പോലെ രാജ്യം സമാനമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതും രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികളില്‍ തിക്കും തിരക്കുമുണ്ടായി ആളുകള്‍ക്ക് ജീവാപായമുണ്ടായ നിരവധി അപകടങ്ങള്‍ ഇതിനുമുമ്ബും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലുണ്ടായ സമാനമായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 1200ല്‍ അധികം വരും. ഇത്തരം മരണങ്ങള്‍ക്ക് കാരണം പൊതുവെ മാധ്യമങ്ങള്‍ പറയുന്ന ‘തിക്കും തിരക്കും’ (stampede) അല്ലെന്നും, മറിച്ച്‌ ‘പ്രോഗ്രസ്സീവ് ക്രൗഡ് കൊളാപ്സ്’ അഥവാ ‘ക്രൗഡ് ക്രാഷ്’ ആണെന്നും ശാസ്ത്രീയ വിശകലനങ്ങള്‍ പറയുന്നു. ഒരു ചതുരശ്ര മീറ്ററില്‍ ആറോ ഏഴോ ആളുകളില്‍ കൂടുതല്‍ തിങ്ങിനിറയുമ്ബോള്‍ ഉണ്ടാകുന്ന കംപ്രസ്സീവ് അസ്ഫിക്‌സിയ (compressive asphyxia) മൂലമാണ് ഈ മരണങ്ങള്‍ സംഭവിക്കുന്നത്.

തിക്കിലും തിരക്കിലും ആളുകള്‍ ചവിട്ടി മെതിക്കപ്പെട്ടല്ല മരിക്കുന്നത്. പകരം, അനിയന്ത്രിതമായ ജനസാന്ദ്രത കാരണം നെഞ്ചില്‍ ഉണ്ടാകുന്ന ശക്തമായ മര്‍ദ്ദം മൂലമുണ്ടാകുന്ന കംപ്രസ്സീവ് അസ്ഫിക്‌സിയ (ശ്വാസംമുട്ടല്‍) ആണ് മരണകാരണമാകുന്നത്. രാഷ്ട്രീയ സംഘടനകള്‍ സാധാരണയായി പ്രതീക്ഷിക്കുന്ന ജനക്കൂട്ടത്തേക്കാള്‍ അഞ്ചിരട്ടി വരെ കുറഞ്ഞ കണക്ക് നല്‍കിയാണ് റാലിക്ക് അനുമതി വാങ്ങുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒഴിവാക്കാനും രാഷ്ട്രീയ പ്രാധാന്യം കൂട്ടാനും വേണ്ടി മനഃപൂര്‍വം നടത്തുന്ന ഈ കള്ളത്തരമാണ് ക്രൗഡ് ക്രാഷിന് നേരിട്ടുള്ള കാരണം. ജനപ്രിയ നേതാവിനടുത്തേക്ക് എത്താന്‍ വേണ്ടി ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും അനിയന്ത്രിതമായി മുന്നോട്ട് കുതിക്കുന്ന അവസ്ഥ അപകടത്തിന് കാരണമാകും. ഈ അനിയന്ത്രിതമായ കുതിച്ചുചാട്ടം (surge dynamics) സുരക്ഷാ ക്രമീകരണങ്ങളെ അപ്പാടെ തകര്‍ക്കുന്നു. ഇതിന് പുറമെ ചൂടും കാലതാമസവും ആളുകളുടെ ക്ഷമ നശിപ്പിക്കുകയും ആള്‍ക്കൂട്ടത്തെ അസ്ഥിരമാക്കുകയും ചെയ്യുന്നു.

സംവിധാനത്തിന്റെ ഈ വീഴ്ചകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരൂരില്‍ നടന്ന തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിയില്‍ സംഭവിച്ചത്. ദുരന്തത്തിന്റെ പ്രധാന കാരണം അനുവദിച്ചതിലും അഞ്ചിരട്ടിയിലധികം ആളുകള്‍ തടിച്ചുകൂടിയതാണ്. 1.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് 10,000 പേര്‍ക്ക് മാത്രമാണ് സംഘാടകര്‍ അനുമതി തേടിയതെങ്കിലും വിജയിയുടെ ജനപ്രീതി കാരണം ഏകദേശം 50,000-ത്തിലധികം ആളുകള്‍ റാലിക്കായി എത്തി. സെലിബ്രിറ്റി-അധിഷ്ഠിത രാഷ്ട്രീയത്തില്‍ സാധാരണയായി കാണുന്ന ‘സെലിബ്രിറ്റി-ഓറ മള്‍ട്ടിപ്ലയര്‍’ (Celebrity-Aura Multiplier) എന്ന പ്രതിഭാസമാണ് അനിയന്ത്രിതമായ തിരക്കിന് കാരണമായത്. കൂടാതെ, വിജയ് പരിപാടിക്ക് മണിക്കൂറുകള്‍ വൈകിയെത്തുകയും, കഠിനമായ ചൂട് നിലനില്‍ക്കുകയും ചെയ്തത് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ഈ ചൂടും കാലതാമസവും കാരണം നിരവധിപേര്‍ തിക്കിലും തിരക്കിലും ബോധരഹിതരായി.

കരൂര്‍ ദുരന്തത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി തടസ്സപ്പെട്ടു. തിരക്കേറിയ റോഡുകള്‍ കാരണം ആംബുലന്‍സുകള്‍ക്ക് അകത്തെ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല, ഇത് ചികിത്സ ലഭിക്കുന്നതില്‍ നിര്‍ണായകമായ കാലതാമസമുണ്ടാക്കി. പലരും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചിരുന്നുവെന്നാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും, റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്‍ അധ്യക്ഷനായ ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലീസ് ടിവികെ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു.

അനിയന്ത്രിതമായി ആളുകള്‍ എത്തുമെന്നറിയാവുന്നവരായിട്ടും, അവര്‍ മുന്‍കരുതലുകള്‍ അവഗണിച്ചു, സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചതും അപകടത്തിന് കാരണമായിട്ടുണ്ട്. ആള്‍കൂട്ട ദുരന്തങ്ങള്‍ കരൂരില്‍ മാത്രം ഒതുങ്ങുന്നില്ല.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പൊലിഞ്ഞത് 11 ജീവൻ

2025 ജൂണില്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഐപിഎല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ചതാണ് ഈ വര്‍ഷം നടന്ന പ്രധാന സംഭവങ്ങളിലൊന്ന. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ടീം തങ്ങളുടെ ആദ്യ ഐ.പി.എല്‍. കിരീടം (2025ല്‍) നേടിയതിനെത്തുടര്‍ന്ന് നടത്തിയ വിജയാഘോഷങ്ങള്‍ക്കിടയിലായിരുന്നു സംഭവം. ടീമിന്റെ വിജയം ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി.

വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ക്ക് സമീപം തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി’കൂന കമ്മീഷന്റെ കണ്ടെത്തലുകള്‍ രാഷ്ട്രീയ റാലികളിലെ പരാജയങ്ങള്‍ക്ക് സമാനമാണ്.

‘ഗുരുതരമായ അശ്രദ്ധയും ചുമതല നിര്‍വഹിക്കുന്നതിലെ വീഴ്ചയും’ കമ്മീഷന്‍ കണ്ടെത്തി. സ്റ്റേഡിയത്തിന് അകത്ത് പോലീസിനെ വിന്യസിച്ചിരുന്നെങ്കിലും, അപകടമുണ്ടായ സ്ഥലത്തിന് പുറത്ത് പോലീസ് വിന്യാസം ഉണ്ടായിരുന്നില്ല. കൂടാതെ, സ്ഥലത്ത് ആംബുലന്‍സുകള്‍ ഇല്ലാതിരുന്നതും വൈകിയുള്ള ഔദ്യോഗിക പ്രതികരണവും (പോലീസ് കമ്മീഷണറെ സംഭവം അറിയിച്ചത് രണ്ട് മണിക്കൂറിന് ശേഷം) ഉദ്യോഗസ്ഥരുടെ വീഴ്ചയുടെ ആഴം വര്‍ധിപ്പിക്കുന്നു.

‘സെലിബ്രിറ്റി’ ആവേശത്താല്‍ സംഭവിക്കുന്ന, മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്ത ആഘോഷങ്ങള്‍ പോലും ദുരന്തങ്ങളിലേക്ക് നയിക്കാം എന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇത്. ദുരന്തത്തെ തുടര്‍ന്ന് കര്‍ണാടക ക്രൗഡ് കണ്‍ട്രോള്‍ ബില്‍, 2025 അവതരിപ്പിച്ചു. ആസൂത്രണപരമായ വീഴ്ചകള്‍ക്ക് സംഘാടകരെ ഉത്തരവാദികളാക്കാന്‍ ലക്ഷ്യമിടുന്ന ഈ ബില്‍, രാജ്യത്തെ ക്രൗഡ് മാനേജ്മെന്റ് നിയമനിര്‍മ്മാണത്തിലെ ഒരു വഴിത്തിരിവാണ്.

പ്രയാഗ് കുംഭമേള ദുരന്തം: 2025 ജനുവരി 29 ന്, കുംഭമേളയുടെ പ്രധാന ദിവസങ്ങളിലൊന്നായ മൗനി അമാവാസി ദിനത്തില്‍ പുലര്‍ച്ചെയാണ് ദുരന്തം സംഭവിച്ചത്. മഹാ കുംഭമേളയില്‍ സംഗം കടവില്‍ നടന്ന തിക്കിലും തിരക്കിലും 30 മുതല്‍ 39 പേര്‍ വരെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. താല്‍ക്കാലികമായി സ്ഥാപിച്ച ബാരിയര്‍ തകര്‍ന്നതാണ് ഇതിന് കാരണം. അമൃതസ്‌നാനത്തിനായി (പുണ്യ സ്‌നാനം) തീര്‍ഥാടകര്‍ കൂട്ടമായി എത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വെച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ന്ന് ജനങ്ങള്‍ തിക്കിത്തിരക്കി ഓടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. വി.ഐ.പി. വാഹനങ്ങള്‍ക്ക് വേണ്ടി ചില പാലങ്ങള്‍ അടച്ചതും തിരക്ക് കൂടാന്‍ കാരണമായി എന്ന് ആരോപണമുണ്ട്.

എന്നാല്‍ ഈ ദുരന്തത്തില്‍ ഔദ്യോഗിക കണക്കുകളും സ്വതന്ത്ര റിപ്പോര്‍ട്ടുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ബി.ബി.സി. അന്വേഷണത്തില്‍ കുറഞ്ഞത് 82 മരണങ്ങളുണ്ടായെന്നാണ് പറയുന്നത്. ന്യൂസ്ലോണ്ടറി റിപ്പോര്‍ട്ടില്‍ 79 മരണങ്ങളും രേഖപ്പെടുത്തി. ചിലര്‍ പുഴയുടെ കരയില്‍ കിടന്നുറങ്ങുമ്ബോള്‍ ചവിട്ടേറ്റതായും പോലീസിന്റെ ലാത്തിച്ചാര്‍ജ് ഭയന്ന് ആളുകള്‍ ഓടിയപ്പോള്‍ തിരക്കുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണസംഖ്യയിലെ ഈ വലിയ വ്യത്യാസം, പ്രധാന ദുരന്തങ്ങള്‍ക്ക് ശേഷം വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മയും സ്ഥാപനപരമായ ശ്രദ്ധ മാറ്റാനുള്ള ശ്രമങ്ങളെയും എടുത്തുകാണിക്കുന്നു. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചതിനോടൊപ്പം തന്നെ ‘ഗൂഢാലോചന’ അന്വേഷിക്കാന്‍ എസ്.ടി.എഫ്. (STF) സംഘത്തെ നിയോഗിച്ചത്, ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു എന്നതിന്റെ സൂചനയായി ആരോപണമുയർന്നിരുന്നു.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ (ഫെബ്രുവരി 2025): മഹാ കുംഭമേളയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 18 പേര്‍ റെയില്‍വേ സ്റ്റേഷനിലെ കാല്‍നട മേല്‍പ്പാലത്തില്‍ തിക്കും തിരക്കും കാരണം തെന്നി വീണതിനെ തുടര്‍ന്ന് മരിച്ചു. ഉത്സവ സീസണുകളിലെ ഉയര്‍ന്ന ജനത്തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ പൊതുഗതാഗത കേന്ദ്രങ്ങളുടെ പരാജയത്തെ ഇത് സൂചിപ്പിക്കുന്നു.

ഈ വര്‍ഷം (2025) റെയില്‍വേ, മതപരം, രാഷ്ട്രീയം, വിനോദം എന്നീ നാല് പ്രധാന മേഖലകളിലായി വലിയ ദുരന്തങ്ങള്‍ സംഭവിച്ചത്, ദുരന്ത നിവാരണത്തിന്റെ കാര്യത്തില്‍ രാജ്യം ഒരു ‘നിയന്ത്രണപരമായ തളര്‍ച്ച’ നേരിടുന്നു എന്ന് വ്യക്തമാക്കുന്നു. അതായത്, മുന്‍കാല ദുരന്തങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ദേശീയതലത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഭരണ സംവിധാനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചു.

2022-2023 കാലയളവില്‍ ആന്ധ്രപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി (TDP) നേതാവ് എന്‍. ചന്ദ്രബാബു നായിഡു പങ്കെടുത്ത രണ്ട് റാലികളില്‍ ഒരാഴ്ചയുടെ ഇടവേളയില്‍ 11 പേര്‍ മരണപ്പെട്ടിരുന്നു.

കാണ്ടുകൂര്‍ ദുരന്തം (ഡിസംബര്‍ 28, 2022): ഇവിടെ എട്ട് പേര്‍ മരിക്കാന്‍ കാരണം, ആളുകള്‍ വിവിഐപിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ തിടുക്കം കാണിച്ചപ്പോള്‍ റോഡരികിലെ തുറന്ന ഓടയിലേക്ക് വീണതാണ്. തുറസ്സായ സ്ഥലങ്ങളിലെ അപകടകരമായ അടിസ്ഥാന സൗകര്യങ്ങള്‍ (infrastructural hazards) എങ്ങനെ മരണകാരണമാകുന്നു എന്നതിന് ഇത് ഉദാഹരണമായിരുന്നു ഈ അപകടം.

ഗുണ്ടൂര്‍ ദുരന്തം (ജനുവരി 1, 2023): നായിഡു റാലി നടത്തിയതിന് ശേഷം സ്ഥലം വിട്ടതിന് പിന്നാലെ പാര്‍ട്ടി വളണ്ടിയര്‍മാര്‍ സംഘടിപ്പിച്ച റേഷന്‍ കിറ്റുകളുടെയും വസ്ത്രങ്ങളുടെയും വിതരണത്തിനിടെയുണ്ടായ തിരക്കില്‍ മുന്നുപേര്‍ മരിച്ചതാണ് രണ്ടാമത്തെ അപകടം മൂന്ന് സ്ത്രീകളാണ് മരിച്ചത്.

അടുത്തടുത്ത രണ്ട് സമാന സംഭങ്ങളിലായി 11 പേര്‍ മരിക്കാനിടയുണ്ടായ സംഭത്തില്‍ അന്വേഷണത്തിനായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ജസ്റ്റിസ് ബി. ശേഷസായന റെഡ്ഡി കമ്മീഷനെ നിയമിച്ചിരുന്നു.

കശ്മീരിലെ പിഡിപി റാലി (2011)

16 പേര്‍ മരിച്ച അപകടത്തിന് കാരണം പിഡിപി റാലി കഴിഞ്ഞതിന് പിന്നാലെ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പുറത്തുകടക്കാന്‍ തിരക്ക് കൂട്ടിയതാണ്. റാലിക്കുശേഷം ജനങ്ങള്‍ പുറത്തുകടക്കാനായി തയ്യാറാക്കിയിരുന്ന എക്‌സിറ്റ് ഗേറ്റ് തുറക്കാന്‍ സാധിക്കാതെ വന്നു. ഇതോടെ ആളുകളുടെ തിക്കും തിരക്കുമുണ്ടായി. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ആകാശത്തേയ്ക്ക് നിറയൊഴിച്ചു. ഇതോടെ ആളുകള്‍ പരിഭ്രാന്തരാവുകയും ആശയക്കുഴപ്പിത്താലായി താഴെവീണവരുടെ ശരീരത്തില്‍ ചവിട്ടി ആളുകള്‍ ഓടുകയും ചെയ്തു. ഈ തിരക്കില്‍ പെട്ടാണ് 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

പിറന്നാളിന് സാരിവിതരണം; മരിച്ചത് 22 പേര്‍: ബി.ജെ.പി. നേതാവ് ലാല്‍ജി ഠണ്ഠന്റെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച്‌ ഉത്തർപ്രദേശിലെ ലഖ്നൗവില്‍ സൗജന്യമായി സാരി വിതരണം ചെയ്ത പരിപാടിയില്‍ 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. 2004 ഏപ്രില്‍ 12നായിരുന്നു സംഭവം. ഈ ദുരന്തത്തിന്റെ കേന്ദ്രബിന്ദു രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള സൗജന്യ വിതരണമാണ്. സൗജന്യമായി സാരി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് പ്രധാനമായും പരിപാടിയില്‍ പങ്കെടുത്തത്.

സംഘാടകര്‍ പരിപാടി അവസാനിച്ചതായി പ്രഖ്യാപിക്കുകയും ഗേറ്റിന് സമീപമുള്ള കൗണ്ടറില്‍ നിന്ന് സാരി വാങ്ങണമെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ മരണപ്പെടുകയായിരുന്നു. സംഘാടനത്തിലെ വീഴ്ചകളുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്വം ഒഴിവിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വം വിജയിച്ചു. ദുരന്തം നടക്കുമ്ബോള്‍ ലാല്‍ജി ഠണ്ഠന്‍ വേദി വിട്ടിരുന്നു. തല്‍ഫലമായി, അന്വേഷണത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് ലഭിച്ചു. പകരം, പ്രാദേശിക സംഘാടകരുടെ മേല്‍ കുറ്റം ചുമത്തപ്പെട്ടു. രണ്ടാം വരവിന് കോപ്പുകൂട്ടി ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായിറങ്ങിയ എന്‍ഡിഎയ്ക്ക് ഏറ്റ തിരിച്ചടികളിലൊന്നായിരുന്നു ആ അപകടം.