ചെന്നൈ: തമിഴക വെട്രി കഴകം റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് വിജയ് പ്രഖ്യാപിച്ചത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും നല്‍കാന്‍ തീരുമാനമായി. എക്‌സ് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. കരൂരിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ത്ത് ഹൃദയം വിങ്ങുകയാണെന്നും അവരുടെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞു. അവരുടെ കുടുംബത്തിലെ അംഗം എന്ന നിലയിലാണ് തുക നല്‍കുന്നതെന്നും ഈ ഘട്ടത്തില്‍ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും വിജയ് പറഞ്ഞു.
‘ഇന്നലെ കരൂരിലുണ്ടായ സംഭവം ഓര്‍ക്കുമ്പോള്‍ ഹൃദയത്തില്‍ ഭാരമേറുകയാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ എനിക്കനുഭവപ്പെടുന്ന വേദന എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല. നിങ്ങളുടെ മുഖങ്ങള്‍ എന്റെ മനസില്‍ വന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നോട് സ്‌നേഹവും വാത്സല്യവും കാണിച്ച എന്റെ ബന്ധുക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം വിങ്ങുകയാണ്. അവരുടെ വേര്‍പാട് നമുക്ക് നികത്താനാകാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വസിപ്പിച്ചാലും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനാവില്ല. എങ്കിലും നിങ്ങളുടെ കുടുംബാംഗമെന്ന എന്ന നിലയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം രൂപ വീതവും നല്‍കും. നിങ്ങള്‍ക്കുണ്ടായ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു തുകയല്ല. പക്ഷെ ഈ സമയത്ത് നിങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണ്. അതുപോലെ ചികിത്സയില്‍ കഴിയുന്ന എന്റെ എല്ലാ ബന്ധുക്കളും വളരെ വേഗം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് തമിഴ്‌നാട് വിക്ടറി അസോസിയേഷന്‍ എല്ലാ സഹായവും നല്‍കും. ദൈവകൃപയാല്‍ എല്ലാ ദുഖങ്ങളില്‍ നിന്നും നമുക്ക് കരകയറാന്‍ ശ്രമിക്കാം’: വിജയ് പറഞ്ഞു.
അതേസമയം, കരൂർ ദുരന്തത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീൽ നൽകും. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു. ടിവികെ നേതാക്കൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ സെക്രട്ടറിമാർക്കും സുരക്ഷ വർദ്ധിപ്പിക്കാനാണ് നിർദേശം. ജനങ്ങളുടെ ദേഷ്യം കാരണമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നിർദ്ദേശമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. കരൂര്‍ ദുരന്തത്തില്‍ 17 സ്ത്രീകളും അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടെ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 111 പേര്‍ ചികിത്സയില്‍ തുടരുകയാണ്.