Fincat

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയുമായി ബഹ്റൈൻ; വിവിധ മേഖലകളി‍ൽ നിക്ഷേപങ്ങൾ നടത്തി

ബഹ്റൈനിൽ കൂടുതല്‍ തൊഴിലവസരങ്ങള്‍ സഷ്ടിക്കാന്‍ പദ്ധതിയുമായി സാമ്പത്തിക വികസന ബോര്‍ഡ്. വിവിധ മേഖലകളിലെ നിക്ഷേപങ്ങള്‍ വഴി മൂന്ന് വര്‍ഷത്തിനുള്ളില്‍ 4,300-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിന്റെ സാധ്യതകളും ബഹ്‌റൈനില്‍ ചേര്‍ന്ന സാമ്പത്തിക വികസന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു.

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസന ബോര്‍ഡ് ചെയര്‍മാനുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വികസന ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തത്. നിക്ഷേപ അവസരങ്ങള്‍ ആകര്‍ഷിക്കുന്നത് ഗുണനിലവാരമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മാത്രമല്ല, ദേശീയ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്കും സാമ്പത്തിക വൈവിധ്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനും വഴിവക്കുമെന്ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അഭിപ്രായപ്പെട്ടു.

ബഹ്റൈന്‍ ഇഡിബിയുടെ പുരോഗതിയും ആഗോള വിപണിയിലെ സംഭവവികാസങ്ങളും ബോര്‍ഡ് അവലോകനം ചെയ്തു. വളര്‍ച്ചയെയും വൈവിധ്യവല്‍ക്കരണത്തെയും പിന്തുണയ്ക്കുന്ന, മുന്‍ഗണനാ മേഖലകളിലെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ആഗോള സാമ്പത്തിക പ്രവണതകളും തന്ത്രങ്ങളും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുണനിലവാരമുള്ള സാമ്പത്തിക അവസരങ്ങള്‍ സുഗമമാക്കാന്‍ സഹായിക്കുന്ന നിക്ഷേപങ്ങള്‍, പ്രഖ്യാപനങ്ങള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ എന്നിവ ആകര്‍ഷിക്കുന്നതിനായി രാജ്യം നടത്തുന്ന ശ്രമങ്ങളും യോഗം വിലയിരുത്തി.
മഴയുടെ അളവ് വർദ്ധിപ്പിക്കാൻ എഐ; ​ഗവേഷണം നടത്താൻ യുഎഇ
ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍, 75 പ്രാദേശിക, അന്തര്‍ദേശീയ പദ്ധതികളില്‍ നിന്ന് 1.52 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപം ലഭിച്ചു. ഇതില്‍ 43 ശതമാനം പുതിയ മൂലധന നിക്ഷേപങ്ങളെയും 57 ശതമാനം രാജ്യത്ത് നിലവിലുള്ള നിക്ഷേപങ്ങളുടെ വിപുലീകരണങ്ങളും ഉള്‍പ്പെടുന്നതാണ്. ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത് ടൂറിസം മേഖലയിലായിരുന്നു. സാമ്പത്തിക സേവനങ്ങള്‍, നിര്‍മാണം, ഐസിടി എന്നീ മേഖലകളിലെ നിക്ഷേപങ്ങളിലും വളര്‍ച്ച രേഖപ്പെടുത്തി. ‌

ഇത്തരം നിക്ഷേപങ്ങളിലൂടെ മൂന്ന് വര്‍ഷത്തിനുളളില്‍ 4,300-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ മേഖലക്കും കൂടുതല്‍ സാധ്യതയുളള വിവിധ മേഖളകളുടെ പ്രവര്‍ത്തനവും ബോര്‍ഡ് യോഗം അവലോകനം ചെയ്തു. ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍ക്കായുള്ള ഗോള്‍ഡന്‍ ലൈസന്‍സിന്റെ വിശദാംശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.