‘അഷ്മികയെ കാണാനില്ല, സഹായിക്കൂ’ എന്ന് മൈക്കില്‍ വിജയ്; ശേഷം നല്ലത് നടക്കുമെന്നുപറഞ്ഞ് പ്രസംഗം നിര്‍ത്തി
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്, ദുരന്തം വിതച്ച കരൂരിലെ റാലിക്കിടെ ഒരു കുട്ടിയെ തിരഞ്ഞു കണ്ടുപിടിക്കാന്‍ സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യം പുറത്ത്.പ്രസംഗത്തിനിടെ ഒരാള്‍ വിജയ്‌യുടെ അടുത്തുവന്ന് ഒരു കുട്ടിയെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ വിജയ് കുട്ടിയെ കണ്ടെത്താന്‍ കൂടിനിന്നവരോടും പോലീസ് സംവിധാനത്തോടും സഹായമഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രസംഗത്തിനിടെ ഒരാള്‍ കയറിവന്ന് വിജയ്‌യോട് കുട്ടിയെ കാണാനില്ലെന്ന വിവരം ധരിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വിജയ്, അഷ്മിക എന്നു പേരുള്ള ഒന്‍പതു വയസ്സുകാരിയെ കാണാനില്ലെന്നും കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നും മൈക്കിലൂടെ പറയുന്നു. പോലീസുകാരോടും കൂടിനിന്നവരോടുമെല്ലാം കണ്ടുപിടിച്ചുകൊടുക്കൂ എന്ന് സഹായമഭ്യര്‍ഥിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം എല്ലാവരും നല്ല ആത്മവിശ്വാസം പുലര്‍ത്തണമെന്നും നല്ലത് നടക്കുമെന്നും പറഞ്ഞ്, നന്ദിപ്രകടനത്തോടെ പ്രസംഗമവസാനിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ആംബുലന്‍സ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെയാണ് നാല്‍പ്പതോളം പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവം പുറത്തറിയുന്നത്. ആറുമണിക്കൂര്‍ വൈകിയാണ് വിജയ് പൊതുപരിപാടിക്കെത്തിയത്. അതിനാല്‍ത്തന്നെ എല്ലാവരും ക്ഷീണിതരായിരുന്നു. റാലിക്ക് 10,000 പേര്‍ക്ക് മാത്രമാണ് പോലീസ് അനുമതിയുണ്ടായിരുന്നതെന്നാണ് വിവരം. എന്നാല്‍, അരലക്ഷത്തോളം പേര്‍ നടനെ ഒരുനോക്ക് കാണാനായി ഇരച്ചെത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു തള്ളിയതും ക്ഷീണിച്ചു വലഞ്ഞവര്‍ക്ക് വിജയ്‌യുടെ വാഹനത്തില്‍നിന്ന് വെള്ളം കുപ്പി എറിഞ്ഞുകൊടുത്തതുമെല്ലാം വലിയ തോതിലുള്ള തിക്കിനും തിരക്കിനും കാരണമായി. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് വിജയ് പ്രസംഗം നിര്‍ത്തിവെച്ചു. സംഭവത്തില്‍ വിജയ്‌ക്കെതിരേ കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, അപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷവും ടിവികെ 20 ലക്ഷവും ബിജെപി ഒരുലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.