Fincat

CPM മുൻ ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; കണ്ടെത്തിയത് മൂന്നുദിവസം കഴിഞ്ഞ്; പോലീസ് കേസെടുത്തു


വിഴിഞ്ഞം: സിപിഎമ്മിന്റെ വിഴിഞ്ഞത്തെ മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി പഴവിള സനിത ഭവനില്‍ വിഴിഞ്ഞം സ്റ്റാന്‍ലി എന്നറിയപ്പെട്ടിരുന്ന പി.സ്റ്റാന്‍ലി(53) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

കഴിഞ്ഞ ബുധനാഴ്ച കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് വീട്ടില്‍നിന്ന് പോയതാണ്. തുടര്‍ന്ന് 25-ന് വൈകീട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കടുത്തുളള സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. രണ്ടുദിവസമായിട്ടും ആളെ പുറത്തുകാണാനാവാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. മുറിക്കുളളില്‍നിന്ന് കനത്ത ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജുടമയാണ് മെഡിക്കല്‍കോളേജ് പോലീസിന് വിവരം നല്‍കിയത്.

എസ്.എച്ച്‌.ഒ. മുഹമ്മദ് ഷാഫിയുടെ നേത്യത്വത്തിലുളള പോലീസ് സംഘമെത്തി മുറിതുറന്നു നോക്കിയപ്പോഴാണ് ജീര്‍ണാവസ്ഥയിലുളള മൃതദേഹം കണ്ടത്. തുടര്‍ന്ന് വിഴിഞ്ഞം പോലീസ് വഴി സ്റ്റാന്‍ലിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മറ്റ് ദുരൂഹതയില്ലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു.

സിപിഎമ്മിന്റെ വിഴിഞ്ഞം മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. കല്ലുവെട്ടാന്‍ കുഴി ബ്രാഞ്ചംഗം, സി.ഐ.ടി.യു കോവളം ഏരിയ കമ്മിറ്റിയംഗം, അനുബന്ധ മത്സ്യത്തൊഴിലാളി ജില്ലാ ജോയിന്റ് സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി, ചിക്കന്‍ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി, കേരള നവോത്ഥാന സമിതിയുടെ കോവളം ഏരിയ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ഭാര്യ: ജെനേറ സ്റ്റാന്‍ലി. മക്കള്‍: സജിന്‍ സ്റ്റാന്‍ലി (ബിസിനസ്), സജീഷ് സ്റ്റാന്‍ലി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), സനിത (യു.കെ.). മരുമകള്‍: മിഥുന (ഗസ്റ്റ് ലക്ച്ചറര്‍-ബെംഗളുരൂ). സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലോടെ കോട്ടപ്പുറം സിന്ധുയാത്ര മാതാ പളളിയില്‍.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബർ: 1056)