Fincat

ഒൻപതാം കിരീടത്തിൽ മുത്തമിട്ട് നീലപ്പട

ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ. ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന ഓവറിൽ വരെ ആവേശത്തിന്റെ മുൾമുനയിലായിരുന്നു മത്സരം. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ പാക് വിറപ്പിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപണർ അഭിഷേക് ശർമയെ പാക് ബൗളർ ഫഹീം അഷ്‌റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പാക് ക്യാപ്റ്റൻ ആഗ ക്യാച്ചിലൂടെ മടക്കി അയച്ചു. മത്സരത്തിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി ഫഹീം അഷ്‌റഫിന്റെ പന്ത് ഉയർത്തിയടിച്ച ശുഭ്മാൻ ഗില്ലിനെ ഹാരിസ് റൗഫ് കൈപ്പിടിയിൽ ഒതുക്കി. ആവേശത്തിന്റെ കൊടുമുടിയിൽ കയറ്റിയ മത്സരത്തിൽ ഒൻപതാം ഓവറിൽ അബ്രാർ അഹമ്മദിന്റെ പന്ത് സഞ്ജു ഉയർത്തിയടിക്കുന്നു. വിക്കറ്റെന്ന് ഉറപ്പിച്ച് പാക് ആരാധകർ ആഹ്ലാദിച്ചപ്പോൾ ഹുസൈൻ തലാത്തിന്റെ കയ്യിൽ നിന്നും പന്ത് മൈതാനത്തേക്ക്. രണ്ടാമൂഴം ലഭിച്ച സഞ്ജുവിന് പതിമൂന്നാം ഓവറിൽ അതെ അബ്രാറിന്റെ മുന്നിൽ പിഴച്ചു. ഉയർത്തിയടിച്ച പന്ത് നേരെ സാഹിബ്‌സാദ ഫർഹാന്റെ കൈകളിലേക്ക്. പിന്നീട് കണ്ടത് പ്രതീക്ഷയുടെ പൊൻവെളിച്ചമായിരുന്നു. തിലക് – ദുബെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. പതിനാറാം ഓവറിൽ തിലക് വർമ്മ 41 പന്തിൽ നിന്ന് അർധസെഞ്ചുറി നേട്ടത്തോടെ തിളങ്ങി. ആവേശത്തിന്റെ കൊടുമുടിൽ നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ദുബെ പുറത്ത്. ഏറ്റവുമൊടുവിൽ തിലക് വര്മയുടെയും റിങ്കു സിംഗിന്റെയും കൂട്ടുകെട്ടിൽ കിറടത്തിൽ മുത്തമിട്ട് ഇന്ത്യ. പാക് ബൗളിംഗ് നിരയിൽ ഫഹീം അഷ്‌റഫ് രണ്ട് വൈകിട്ടോടെ തിളങ്ങി. ഷഹീൻ ഷാ അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാൻ തുടരെത്തുടരെ ബൗണ്ടറികൾ പായിച്ചുകൊണ്ട് ഇന്ത്യൻ നിരയെയും, ആരാധകരെയും വിറപ്പിച്ചു. പാകിസ്ഥാനുവേണ്ടി ഓപണർ സാഹിബ്‌സാദ ഫർഹാൻ 57 റൺസോടെ അർധസെഞ്ചുറി സ്വന്തമാക്കി. 84 റൺസിൽ എത്തിനിൽക്കേ പത്താം ഓവറിലെ നാലാം ബൗളിൽ സാഹിബ്‌സാദ ഫർഹാനെ മടക്കി അയച്ചുകൊണ്ട് തുടക്കമിട്ട വിക്കറ്റ് വേട്ടയ്ക്ക് അന്ത്യം കുറിച്ചത് അവസാന ബാറ്ററേയും പുറത്താക്കിക്കൊണ്ട്. പതിമൂന്നാം ഓവറിൽ സെയ്ം അയൂബ്, പതിനാലാം ഓവറിൽ മുഹമ്മദ് ഹാരിസ്, പതിനഞ്ചാം ഓവറിൽ ഫഖർ സമാൻ, പതിനാറാം ഓവറിൽ ഹുസൈൻ തലാത്ത്, പതിനേഴാം ഓവറിൽ സൽമാൻ അലി ആഗ, ഷഹീൻ ഷാ അഫ്രീദി, ഫഹീം അഷ്‌റഫ്, പതിനെട്ടാം ഓവറിൽ ഹാരിസ് റൗഫ്, ഇരുപതാം ഓവറിൽ മുഹമ്മദ് നവാസ് എന്നിങ്ങനെ പാക് പടയെ എറിഞ്ഞു വീഴ്ത്തി. പാക് നിരയെ തകർക്കുന്നതിൽ ഇന്ത്യയുടെ സ്പിന്നർ കുൽദീപ് യാദവ് നിർണായക പങ്കുവഹിച്ചു. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ അടക്കം നാല് വിക്കറ്റുകളാണ് കുൽദീപ് നേടിയത്. വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തിയിരുന്നു.

ഇന്ത്യയുടെ അഭിഷേക് ശർമ്മ 309 റൺസോടെ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമത്. വിക്കറ്റുവേട്ടയിലും ഇന്ത്യ തന്നെ പട്ടികയുടെ തലപ്പത്ത്. സ്പിന്നർ കുൽദീപ് യാദവ് വീഴ്ത്തിയത് 13 വിക്കറ്റുകൾ. ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ (3) നേടിയതും, ബൗണ്ടറികൾ പായിച്ചതും നീലക്കുപ്പായത്തിലെ യുവ പോരാളിയായ അഭിഷേക് ശർമ്മ. 31 ഫോറുകളും, 19 സിക്സറുകളുമടക്കം അഭിഷേകിന്റെ അക്കൗണ്ടിലുള്ളത് 50 ബൗണ്ടറികൾ.