Fincat

കൊല്ലപ്പെട്ടത് 66000 പേർ,ആശുപത്രികളെ ആക്രമിച്ചും തടഞ്ഞും ഇസ്രയേൽ,നിർണായകമായ ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്

ഗാസ: കൊല്ലപ്പെട്ടവരുടെ എണ്ണം 66000 കടന്നിട്ടും ഗാസയില്‍ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍. ഗാസയിലെ ഏറ്റവും വലിയ ആരോഗ്യ സംവിധാനമായ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭീകരമായ രംഗമാണ് ആശുപത്രിക്കകത്ത് ഉണ്ടായതെന്നും അടിയന്തര സേവനം ആവശ്യമായ രോഗികള്‍ക്ക് പോലും പലായനം ചെയ്യേണ്ടി വന്നെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

പേടിക്കിടയിലും ആശുപത്രി ജീവനക്കാര്‍ അവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചെന്ന് ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഹസന്‍ അല്‍ ഷെയ്ര്‍ പറഞ്ഞു. ഏറ്റവും ഗുരുതരമായ സാഹചര്യത്തിലും 100 ഓളം രോഗികള്‍ ആശുപത്രിയില്‍ പരിചരണത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവന്‍രക്ഷാ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അഭാവവും ആശുപത്രിയില്‍ നേരിടുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേല്‍ ഫയര്‍ ബെല്‍റ്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പലസ്തീനിയന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിലെ ഗവേഷകര്‍ വ്യക്തമാക്കി. സ്‌ഫോടക വസ്തു നിറച്ച വാഹനങ്ങള്‍ ആശുപത്രിക്ക് ചുറ്റും ഇസ്രയേല്‍ സൈന്യം വിന്യസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മറ്റൊരു സ്ഥാപനമായ അല്‍ ഹെലു ആശുപത്രിയിലും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയെന്ന് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു കാന്‍സര്‍ വാര്‍ഡും മാസം തികയാതെ ജനിച്ച 12 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന നവജാത ശിശു യൂണിറ്റും ഉള്‍ക്കൊള്ളുന്ന ആശുപത്രിയാണിത്. ആശുപത്രിയുടെ പ്രവേശന-എക്‌സിറ്റ് കവാടങ്ങളില്‍ ഇസ്രയേല്‍ ടാങ്കുകള്‍ വിന്യസിച്ചത് കൊണ്ട് തന്നെ ആശുപത്രി ജീവനക്കാരും രോഗികളുമടക്കം 90ലധികം പേര്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടക്കുമ്പോഴാണ് വീണ്ടും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. ഇതിനിടെ ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുകയാണ്. കൂടിക്കാഴ്ചയില്‍ ഗാസ സമാധാന പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

ഇസ്രയേല്‍, അറബ് നേതാക്കളില്‍ നിന്നും നല്ല പ്രതികരണമാണ് ഇക്കാര്യത്തില്‍ ലഭിച്ചതെന്നും ഒരു ധാരണയിലെത്താനാണ് എല്ലാവരുടെയും ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ പദ്ധതി തയ്യാറാക്കി വരികയാണെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ‘ഞങ്ങള്‍ അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അന്തിമമാക്കിയിട്ടില്ല. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ ടീമുമായി പ്രവര്‍ത്തിക്കുകയാണ്. ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’, എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. എന്നാല്‍ ട്രംപില്‍ നിന്നോ മറ്റ് മധ്യസ്ഥരില്‍ നിന്നോ തങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ഹമാസ് പറഞ്ഞു.