Fincat

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ അഞ്ച് ഡിസിടി ഓട്ടോമാറ്റിക്ക് കാറുകൾ

കാർ വാങ്ങുന്നവർക്ക് സന്തോഷവാർത്ത. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതിന്റെ സന്തോഷം ഇനി വിലയേറിയ കാറുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുകൾ (DCTs) ഘടിപ്പിച്ച നിരവധി താങ്ങാനാവുന്ന കാറുകൾ ഉണ്ട്. സുഗമമായ ഡ്രൈവിംഗിനും മെച്ചപ്പെട്ട പ്രകടനത്തിനും ഡിസിടി ഓട്ടോമാറ്റിക്ക് കാറുകൾ പേരുകേട്ടതാണ്. ടാറ്റ, ഹ്യുണ്ടായ്, കിയ തുടങ്ങിയ കമ്പനികൾ അവരുടെ ജനപ്രിയ കാറുകളുടെ ഡിസിടി പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. അവ ബജറ്റിനുള്ളിൽ വിലയുണ്ട്. ഡിസിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകളുള്ള ഏറ്റവും താങ്ങാനാവുന്ന അഞ്ച് കാറുകൾ അറിയാം.

ടാറ്റാ നെക്സോൺ

ടാറ്റ നെക്‌സോണിൽ ഇപ്പോൾ ഡിസിടി ഓപ്ഷനും ലഭ്യമാണ്. ഇന്ത്യയിൽ ആദ്യമായി 5-സ്റ്റാർ എൻസിഎപി സുരക്ഷാ റേറ്റിംഗ് നേടിയ അതേ നെക്‌സോണാണിത്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് നെക്സോണിന് കരുത്ത് പകരുന്നത്. കൂടാതെ ഡിസിടി ഓപ്ഷനുമുണ്ട്. വില ഏകദേശം ₹11.16 ലക്ഷം മുതൽ ആരംഭിക്കുന്നു, മൈലേജ് ഏകദേശം 17.18 കിലോമീറ്ററാണ്.

ടാറ്റാ ആൾട്രോസ്

അടുത്തിടെ പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് അവതാരത്തിൽ ഇത് പുറത്തിറക്കി. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഡിസിടി കാറായി ഇത് കണക്കാക്കപ്പെടുന്നു. ഏകദേശം 9.42 ലക്ഷം ആണ് പ്രാരംഭ വില. 6-സ്പീഡ് ഡിസിടി ഗിയർബോക്‌സുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടാറ്റാ ആൾട്രോസ് കരുത്ത് പകരുന്നത്, ഏകദേശം 18 കിലോമീറ്റർ ഇന്ധനക്ഷമത ഇത് വാഗ്ദാനം ചെയ്യുന്നു.

കിയ സോനെറ്റ്

1.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനും 7-സ്പീഡ് ഡിസിടിയും ഉൾക്കൊള്ളുന്ന കിയ സോണെറ്റാണ് അടുത്തതായി വരുന്നത്. ഉയർന്ന വകഭേദത്തിന് 11.60 ലക്ഷം മുതൽ ₹13.65 ലക്ഷം വരെ വിലവരും. ഈ കാർ ലിറ്ററിന് 18.31 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു.

ഹ്യുണ്ടായി വെന്യു

കിയ സോണറ്റിന്റെ അതേ പ്ലാറ്റ്‌ഫോം പങ്കിടുന്ന ഹ്യുണ്ടായി വെന്യുവിൽ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 7-സ്പീഡ് DCTയും ഉണ്ട്. വില 10.93 ലക്ഷത്തിൽ ആരംഭിച്ച് ഏകദേശം 18.31 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഹ്യൂണ്ടായ് i20 N ലൈൻ

സ്പോർട്ടി ലുക്കിനും സവിശേഷതകൾക്കും പേരുകേട്ട ഹ്യുണ്ടായി i20 N ലൈൻ 7-സ്പീഡ് DCT സഹിതം 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനോടെയാണ് വരുന്നത്. വില 10.23 ലക്ഷം മുതൽ 11.60 ലക്ഷം വരെ ഉയരും. 20.2 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.