തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രമേയത്തിന് പിന്തുണ അറിയിച്ചു. ലീഗ് എംഎൽഎമാരായ യു ലത്തീഫ്, എൻ ഷംസുദ്ദീൻ എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു.
പ്രമേയം എല്ലാവരും അനുകൂലിച്ചത് നല്ലകാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിഹാർ എസ്‌ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലുള്ളപ്പോൾ, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സംസ്ഥാനങ്ങളിൽ തിടുക്കത്തിൽ ഇത് കൊണ്ടുവരുന്നത് നിഷ്‌കളങ്കമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദീർഘകാല തയ്യാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്‌ഐആറിൽ പ്രക്രിയ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയനിഴലിൽ ആക്കിയിരിക്കയാണ്. രേഖകൾ ഇല്ലെന്നതിന്റെ പേരിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടന അവകാശത്തിന്റെ ലംഘനമാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടിയിൽനിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വോട്ടർപട്ടികയിൽനിന്നും ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.