വൃത്തിക്ക് പല്ലു തേച്ചാൽ ഹൃദയം പിണങ്ങില്ല; വായ വില്ലനാകാതെ സൂക്ഷിക്കാം
സുന്ദരമായ പല്ലുകളും നല്ലൊരു വായും ഉണ്ടെങ്കില്‍ പലതുണ്ട് ഗുണമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. നമ്മുടെ വായ വയറിന്റെ കണ്ണാടിയാണ് എന്നാണ് പൊതുവെ പറയുന്നത്. വായില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് വയറുമായി ബന്ധപ്പെട്ടതാകുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണാറുണ്ട്.
എന്നാല്‍ വായും വയറും തമ്മില്‍ മാത്രമല്ല വായും ഹൃദയവും തമ്മിലും വലിയ ബന്ധമുണ്ടെന്നാണ് ഡോ. നിതേഷ് മോട്‌വാനി പറയുന്നത്. ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജനാണ് ഡോ. നിതേഷ് മോട്‌വാനി. പല്ലില്‍ കേടുകള്‍ വരാതിരിക്കാനോ ഭംഗിയായി ചിരിക്കാനോ മാത്രമല്ല ഹൃദയാരോഗ്യത്തിനും വായയുടെ നല്ല സ്ഥിതി നിര്‍ണായകമാണെന്നാണ്ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. നിതേഷ് പറയുന്നത്.
‘നമ്മുടെ ശരീരികാരോഗ്യത്തിന്റെ നില കാണിച്ചു തരുന്ന കണ്ണാടിയാണ് വായ എന്ന് ഡെന്റല്‍ സര്‍ജന്‍സ് എപ്പോഴും പറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പുതിയ പഠനങ്ങള്‍ പറയുന്നത് വായും ഹൃദയവും തമ്മില്‍ വലിയ ബന്ധമുണ്ട് എന്നാണ്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ വലിയ തോതിലാണ് മരണത്തിലേക്ക് ആളുകളെ നയിക്കുന്നത്. നിങ്ങള്‍ എങ്ങനെ വായ സൂക്ഷിക്കുന്നു എന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും,’ ഡോ നിതേഷ് മോട്‌വാനി പറയുന്നു.
Brushing teeth
എന്താണ് വായും ഹൃദയവും തമ്മിലുള്ള കണക്ഷനെന്നും അദ്ദേഹം അഭിമുഖത്തില്‍ തുടര്‍ന്ന് പറയുന്നുണ്ട്. നമ്മുടെ എല്ലാവരുടെയും വായില്‍ ലക്ഷക്കണക്കിന് ബാക്ടീരിയ ഉണ്ട്. അവയില്‍ ഭൂരിഭാഗവും നിരുപദ്രവകാരികളാണെന്ന് മാത്രമല്ല ശരീരത്തിന് ഉപകാരമുള്ളവയും ആണ്. എന്നാല്‍ നമ്മള്‍ വായ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ ഇക്കൂട്ടത്തിലെ വില്ലന്‍ ബാക്ടീരിയയുടെ എണ്ണം കൂടിവരും. അത് മോണയില്‍ പഴുപ്പുണ്ടാക്കും. ജിഞ്ചിവൈറ്റിസ്, പീരിയോഡോണ്ടൈറ്റിസ് തുടങ്ങിയവ പല്ലുകളെ ബാധിക്കാന്‍ തുടങ്ങും.