Fincat

283 ഇനങ്ങളില്‍പ്പെടുന്ന പ്രാണികളും ചിലന്തികളും; ജൈവവൈവിധ്യം വിളിച്ചോതി കാസിരംഗ ദേശീയോദ്യാനം


ഗുവാഹാട്ടി: ജൈവൈവിധ്യം വിളിച്ചോതുന്ന സര്‍വേ റിപ്പോര്‍ട്ടുമായി കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വ്.283 ഇനങ്ങളില്‍പ്പെടുന്ന പ്രാണികളെയും ചിലന്തികളെയും സര്‍വേയ്ക്കിടെ കണ്ടെത്തി. 254 ഇനങ്ങളില്‍പ്പെടുന്ന പ്രാണികളെയും 29 ഇനങ്ങളില്‍പ്പെടുന്ന ചിലന്തികളെയുമാണ് സര്‍വേയില്‍ രേഖപ്പെടുത്തിയത്. തദ്ദേശീയരായ ചിത്രശലഭങ്ങളും ഉറുമ്ബുകളും വണ്ടുകളും ഉള്‍പ്പെടുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.
കാസിരംഗ ദേശീയോദ്യാനത്തിലെ ജീവനക്കാരുടെ സഹായത്തോടെ കോര്‍ബറ്റ് ഫൗണ്ടേഷനിലെ എന്റമോളജിസ്റ്റുകളാണ് സര്‍വേ നടത്തുകയും ‘എക്‌സ്‌പ്ലോറേറ്റീവ് സ്റ്റഡി ഓഫ് ഇന്‍സെക്‌ട്‌സ് ആന്‍ഡ് സ്‌പൈഡേഴ്‌സ് ഓഫ് ദ വുഡ്‌ലാന്‍ഡ് ഹാബിറ്റാറ്റ് ഓഫ് കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വ്’ എന്ന് തലക്കെട്ട് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തത്.
ആഗോളതലത്തില്‍ തന്നെ 40 ശതമാനത്തോളം വരുന്ന പ്രാണി ഇനങ്ങള്‍ ആവാസവ്യവസ്ഥാ നാശം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവമൂലം ഭീഷണി നേരിടുന്നതിനാല്‍ കാസിരംഗ ദേശീയോദ്യാനത്തിലെ സര്‍വേ റിപ്പോര്‍ട്ട് അതിപ്രധാനമായി വിലയിരുത്തപ്പെടുന്നു.
ആരോഗ്യകരമായ പരിസ്ഥിതിയില്‍ വിത്തുവ്യാപനം, മണ്ണിന്റെ ആരോഗ്യസ്ഥിതി എന്നിവയില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രാണികളും ചിലന്തികളുമാണ് കാസിരംഗയിലെ ജൈവവൈവിധ്യത്തിന്റെ അടിസ്ഥാനമെന്ന് സര്‍വേ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
മഴപെയ്തിലുണ്ടാകുന്ന വ്യത്യാസങ്ങളും വര്‍ധിച്ചുവരുന്ന താപനിലയും എല്ലായിടങ്ങളിലെയും പോലെ വടക്കുകിഴക്കന്‍ ഇന്ത്യയുടെ ആവാസവ്യവസ്ഥയെയും താറുമാറാക്കികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രാണികളെയും ചിലന്തികളെയും ഒരേപോലെ സംരക്ഷിക്കുന്നത് ജൈവവൈവിധ്യത്തിന് മാത്രമല്ല കാലാവസ്ഥാ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയും ചെയ്യുമെന്ന സന്ദേശം കൂടിയാണ് സര്‍വേ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് അധികൃതര്‍ പ്രതികരിച്ചു.