വിദേശ നിർമിത സിനിമകൾക്ക് 100 % തീരുവ ഏര്‍പ്പെടുത്തി ട്രംപ്; ഇന്ത്യൻ സിനിമയ്ക്ക് തിരിച്ചടി
അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. സിനിമ ആദ്യമുണ്ടായത് അമേരിക്കയിലാണെന്നും മറ്റ് രാജ്യങ്ങൾ ആത് അനുകരിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
‘‘ഒരു കുട്ടിയുടെ കയ്യിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുർബലനും കഴിവുകെട്ടവനുമായ ഒരു ഗവർണറുള്ള കാലിഫോർണിയെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. അതിനാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി, യുഎസിനു പുറത്ത് നിർമിക്കുന്ന എല്ലാ സിനിമകൾക്കും ഞാൻ 100 ശതമാനം തീരുവ ചുമത്തും’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം ഇന്ത്യൻ സിനിമകളുടെ വിദേശ ബോക്സ് ഓഫിസിന്റെ ഏകദേശം 35 മുതൽ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് യുഎസ് ആണ്. ട്രംപിന്റെ തീരുമാനം ബോളിവുഡിനും ഇന്ത്യയിലെ പ്രാദേശിക സിനിമ വ്യവസായത്തിനും തിരിച്ചടിയാകും.