Fincat

അമേരിക്കയിലെ പള്ളിക്ക് നേരെയുണ്ടായ ആക്രമണം; അക്രമി തോമസ് സാന്‍ഫോര്‍ഡ് ട്രംപ് അനുഭാവിയെന്ന് റിപ്പോർട്ട്

ന്യൂയോർക്ക് : അമേരിക്കയിലെ മിഷിഗണിലെ പള്ളിയില്‍ വെടിവെപ്പ് നടത്തിയ പ്രതി തോമസ് ജേക്കബ് സാൻഫോർഡ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനുഭാവിയെന്ന് റിപ്പോർട്ട്. ട്രംപിനോട് അനുഭാവം വ്യക്തമാക്കുന്ന ഒട്ടേറെ പോസ്റ്റുകളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മിഷി​ഗണിലെ ​ഗ്രാൻഡ് ബ്ലാങ്കിലുള്ള ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്റ്സിലാണ് വെടിവെപ്പ് നടന്നത്.

ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന നടക്കവേയാണ് വെടിവെപ്പ് നടന്നത്. പള്ളിയിലേക്ക് വാഹനം ഓടിച്ചെത്തിയ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഇതിന് പിന്നാലെ ഇയാള്‍ പള്ളിക്ക് തീയിടുകയായിരുന്നു. പള്ളിയില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടിലാണ് സാൻഫോർഡ് കൊല്ലപ്പെട്ടത്.

സാന്‍ഫോര്‍ഡ് ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികനായിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004 മുതല്‍ 2008 വരെ നീണ്ടുനിന്ന സേവനത്തിനിടയില്‍ സര്‍ജന്റായി സേവനമനുഷ്ഠിക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ പട്ടാളക്കാരനാണ് തോമസ് ജേക്കബ്. ഇയാളുടെ അമ്മ മുന്‍പ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും 2004 മുതല്‍ 2008 വരെ ഇയാള്‍ ഇറാഖില്‍ സേവനമനുഷ്ഠിച്ചു എന്നാണ് വ്യക്തമാകുന്നത്. പള്ളിയിലേക്ക് ഇടച്ചുകയറ്റിയ ട്രക്കിന്റെ ലൈസന്‍സ് പ്ലേറ്റില്‍ IRAQ എന്ന് എഴുതിയിട്ടുണ്ടെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. 2021ല്‍ വെറ്ററന്‍സ് അഡ്മിനിസ്‌ട്രേഷന്‍ വഴി ഒരു ലോണും തോമസ് എടുത്തിട്ടുണ്ട്. ഇതും ഇയാള്‍ സൈനികനായിരുന്നു എന്ന വാദത്തെ ശരിവെക്കുന്നുണ്ട്.

ഇയാള്‍ എന്തിനാണ് മിഷിഗണ്‍ പള്ളിയ്ക്ക് തീയിടുകയും പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ കൊലപ്പെടുത്തുകയും ചെയ്തതെന്ന് ഇപ്പോഴും വ്യക്തമല്ല. പള്ളിയിലേക്ക് ട്രക്കുമായി ഇടിച്ചുകയറി, സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചാണ് തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് വെടിവെപ്പ് നടത്തിയത്. ഇയാളുടെ വണ്ടിയില്‍ നിന്ന് രൂപമാറ്റം വരുത്തിയ മൂന്ന് തോക്കുകളും ലഭിച്ചിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളാണോ തീവ്ര ആശയങ്ങളാണോ അതോ ഇയാള്‍ക്ക് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. അമേരിക്കയില്‍ തോക്ക് കൈവശം വെക്കുന്നതില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്ന കാലങ്ങളായി ഉയരുന്ന ആവശ്യത്തെ മിഷിഗണ്‍ പള്ളി വെടിവെപ്പ് വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്.